മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു.

മൂപ്പൈനാട് പഞ്ചായത്ത് വടുവഞ്ചാൽ വളവ് പാരിഷ് ഹാളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 979 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി.സമാപന സമ്മേളനം ജില്ല കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ കെ. ദേവകി പദ്ധതി അവലോകനം ചെയ്തു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി പുരസ്കാര വിതരണം നടത്തി.495 ആധാര്‍ കാര്‍ഡുകള്‍, 268 റേഷന്‍ കാര്‍ഡുകള്‍, 496 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 175 ബാങ്ക് അക്കൗണ്ട്, 12 ആരോഗ്യ ഇന്‍ഷുറന്‍സ്, 178 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 2191 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 30 കൗണ്ടറുകള്‍ ഇതിനായി ഒരുക്കിയിരുന്നു.
സമാപന സമ്മേളന ചടങ്ങിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ യശോദ ചന്ദ്രൻ, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ സാലിം, ജില്ലാ പഞ്ചായത്ത് മെമ്പർ സീത വിജയൻ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് എ.ബി.സി.ഡി പ്രോഗ്രാം ചെയർമാൻ വി. കേശവൻ, എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, ജോയിന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ, വൈത്തിരി ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. ബഷീർ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷമീർ സേട്ട്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജംഷീദ്, ഐ.ടി മിഷൻ ഡി.പി.എം ജെറിൻ സി ബോബൻ, അക്ഷയ കോ-ഓർഡിനേറ്റർ ജിൻസി ജോസഫ്, ഫാ. മോൻസി ജേക്കബ്, പഞ്ചായത്ത് മെമ്പർമാരായ വി.എൻ ശശീന്ദ്രൻ, സി.ടി അഷ്കർ അലി, സംഗീത രാമകൃഷ്ണൻ, കെ.കെ. സാജിത, നാഷാദ് ഇട്ടാപ്പു, ദീപ ശശികുമാർ, ഷൈബാൻ സലാം, ഡയാന മച്ചാദോ തുടങ്ങിയവർ സംസാരിച്ചു.