ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച പാല്‍ വില സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണ സംഘം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി പദ്ധതി വിശദീകരിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് സംയുക്ത പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 1,97,28,420 രൂപയാണ് വകയിരുത്തിയത്. ജില്ലയിലെ 20,000 ത്തോളം ക്ഷീര കര്‍ഷകര്‍ക്കാണ് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുക.

ക്ഷീരവികസന വകുപ്പിന്റെ പാല്‍ ഗുണനിലവാര ത്രൈമാസ തീവ്ര യജ്ഞ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഗുണ നിയന്ത്രണ ഓഫീസിന്റെയും അമ്പലവയല്‍ ക്ഷീരസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രത്യേക പാല്‍ ഗുണമേന്‍മാ ബോധവത്ക്കരണ പരിപാടിയും നടത്തി. പാല്‍ ഗുണമേന്‍മ വര്‍ദ്ധനവ് ക്ഷീര കര്‍ഷകര്‍ മുതല്‍ ക്ഷീര സംഘം വരെ എന്ന വിഷയത്തില്‍ ഗുണ നിയന്ത്രണ ഓഫീസര്‍ സി.എച്ച്. പി.എച്ച് സിനാജുദ്ദീന്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.എസ് വിജയ, ക്ഷീര സംഘം പ്രസിഡണ്ട് എ.പി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.