പെൺവരയിൽ വിരിഞ്ഞത് ജീവൻ തുടിക്കുന്ന പൈതൃക ചിത്രങ്ങൾ. ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി കൊല്ലംകോട് പൈതൃക മ്യൂസിയത്തിൽ നടന്ന ചിത്രപ്രദർശനമാണ് വർണ്ണ കാഴ്ചയുടെ പെരുമ വിളിച്ചോതിയത്. മിരാക്കി പെൺകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ക്യാന്‍വാസിലാക്കിയത്.
നാടിന്റെ സംസ്കാരവും പൈതൃകവും പേറുന്ന ജീവന്‍ തുടിക്കുന്ന 30 ചിത്രങ്ങളാണ് കലാസ്വാദകർക്കായി ഒരുങ്ങിയത്. തൃശൂർ പൂരത്തിന് തുടക്കം കുറിക്കുന്ന പൂര വിളംബരം, ശക്തൻ തമ്പുരാൻ കൊട്ടാരം, പുലിക്കളി, ജീവൻ തുടിക്കുന്ന കഥകളിയും തെയ്യം വേഷങ്ങളും, ജൈന ക്ഷേത്രം, കുത്തമ്പലം, ആറൻമുള തിരുവാഭരണ ഘോഷയാത്ര തുടങ്ങി വൈവിധ്യങ്ങളുടെ നിറക്കൂട്ടുകളുമായാണ് ഈ കലാകാരികൾ ചിത്രപ്രദർശനം ഒരുക്കിയത്. വീട്ടമ്മമാർ, ചിത്രകലാ അധ്യാപകർ തുടങ്ങി വിവിധ തുറകളിലുള്ള ചിത്രകല അഭ്യസിച്ചവരും അല്ലാത്തവരുമായ 250 പേർ ഉൾപ്പെടുന്ന പെൺകൂട്ടായ്മയാണ് മിരാക്കി. വർണത്തിൽ ചാലിച്ച നേർചിത്രങ്ങളുടെ പ്രദർശനവും കൊല്ലംകോട് പൈതൃക മ്യൂസിയത്തിൽ ഒരുക്കിയിരുന്നു.
പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി പൈതൃക പഠനം സാധ്യതകളും സമീപനങ്ങളും എന്ന വിഷയത്തിൽ കുന്നംകുളം വിവേകാനന്ദ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആദർശ്
ഹോളിഫാമിലി വിദ്യാർത്ഥിനികൾക്ക് ക്ലാസെടുത്തു. കേരളത്തിന്റെ ചരിത്രം ഉൾപ്പെടെ വിവിധ മേഖലകൾ സ്പർശിച്ച ക്ലാസ് കുട്ടികൾക്കും വേറിട്ട അനുഭവമായി.
തുടർന്ന് ഹോളിഫാമിലി, മോഡൽ ബോയ്സ്, സിഎംഎസ് തുടങ്ങി സ്കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും നടന്നു.