തയ്യാറെടുപ്പുകൾക്കായി യോഗം ചേർന്നു
ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതൽ 2023 ജനുവരി ഒന്നു വരെ നടത്താൻ തീരുമാനമായി. ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെ തീർത്ഥാടന കാലമായിരിക്കും. വി.ജോയ് എം.എൽ.എ, മഠാധിപധികൾ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി ശിവഗിരി മഠത്തിൽ യോഗം ചേർന്നു. കൊവിഡ് നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ വലിയ തീർത്ഥാടക പ്രവാഹമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങൾ നടത്തും.
ശിവഗിരി തീർത്ഥാടനത്തിന്റെ തൊണ്ണൂറാം വാർഷികമെന്ന പ്രത്യേകതക്കൊപ്പം സർവ്വമത പാഠശാലയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും. ഡിസംബർ 20 മുതൽ ശിവഗിരിയിൽ വിവിധ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ നടക്കും.
തീർത്ഥാടനത്തിനു മുന്നോടിയായി മഠത്തിലേക്കുള്ള റോഡുകളിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കും. വശങ്ങളിലെ കാടുകളും യാത്രാ തടസമുണ്ടാക്കുന്ന ഉണങ്ങിയ മരങ്ങളും മറ്റും മുറിച്ചു മാറ്റുകയും ചെയ്യും. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചു നടക്കുന്ന തീർത്ഥാടനത്തിൽ വർക്കല മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. കുടിവെള്ള വിതരണത്തിനായി കൃത്യമായ ഇടങ്ങളിൽ ടാങ്കുകളും ടാപ്പുകളും ജലവിഭവ വകുപ്പ് സ്ഥാപിക്കും.100 പോയിന്റുകളിൽ ഗതാഗത സുരക്ഷയ്ക്കും മറ്റു സേവനങ്ങൾക്കുമായി 500 പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കും. കൂടുതൽ കെ.എസ്.ആർ.ടി.സി സർവ്വീസുകൾക്കൊപ്പം വിവിധ വാഹനങ്ങളുടെ പാർക്കിംഗിനായി പ്രത്യേകം സൗകര്യവുമുണ്ടാകും. വൈദ്യുതി, വെളിച്ചം തുടങ്ങിയവ മുടക്കമില്ലാതെ ലഭ്യമാക്കും. ആംബുലൻസ്, അലോപ്പതി, ആയുർവ്വേദം, ഹോമിയോ ഡോക്ടർമാരുടെ ഇരുപത്തിനാലു മണിക്കൂർ സേവനം എന്നിവയുമുണ്ടാകും. എക്സൈസ്, ഭക്ഷ്യസുരക്ഷ, അളവുതൂക്ക വിഭാഗം, അഗ്നി രക്ഷാ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവുമുണ്ടാകും.വിവിധ കച്ചവട സ്ഥാപനങ്ങൾക്കൊപ്പം സർക്കാർ വകുപ്പുകളുടെ പ്രദർശന സ്‌റ്റാളുകളും തീർത്ഥാടനത്തിന് മാറ്റുകൂട്ടും.
ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , സെക്രട്ടറി സ്വാമി ഋതംബരാനന്ദ , തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമിവിശാലാനന്ദ എന്നിവർക്കൊപ്പം മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.