ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി നല്‍കി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്തും തവിഞ്ഞാല്‍ പഞ്ചായത്തിലെ കൂനംപറമ്പില്‍ മോളി എബ്രഹാമും മാതൃകയായി. ഭൂരഹിത ഭവന രഹിതര്‍ക്ക് ഒരു വീടെന്ന സ്വപ്നം സഫലമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിലൂടെയാണ് ഭൂമി നല്‍കാന്‍ സന്നദ്ധരായത്. ജംഷീര്‍ 40 സെന്റും മോളി എബ്രഹാമും ഭര്‍ത്താവ് എബ്രഹാമും ചേര്‍ന്ന് 17 സെന്റുമാണ് പദ്ധതിയിലേക്ക് സംഭാവനയായി നല്‍കിയത്.
നവകേരളം തദ്ദേശം പരിപാടിയുടെ ഭാഗമായി ജില്ലയിലെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് ഇവര്‍ ഭൂമി നല്‍കിക്കൊണ്ടുള്ള രേഖകള്‍ കൈമാറി. സമുനസ്സുകള്‍ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ച മന്ത്രി ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.