കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിവന്ന മൂന്നു ദിവസത്തെ ആവേശ്വലമായ കായിക മാമാങ്കത്തിന് തിരശീല വീണു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നാടിന്റെ അഭിമാന താരകങ്ങളായ ഒരുപാട് പ്രതിഭകളെ കണ്ടെത്താനും ഭാവിയിൽ വലിയ പ്രോത്സാഹനം നൽകുവാനും കായികമേള ഉപകരിക്കുമെന്ന് എംപി പറഞ്ഞു. വലിയ കായിക പാരമ്പര്യമുള്ള നാടാണ് നമ്മുടെത്. കാർഷിക മേഖല, ടൂറിസം മേഖല ഒക്കെ പോലെ തന്നെ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട മേഖലയാണ് കായിക മേഖലയെന്നും അദ്ദേഹം പറഞ്ഞു. പരിമിതികളോട് പടവെട്ടി പരാധീനതകളോട് യുദ്ധം ചെയ്ത് വലിയ അതിജീവനത്തിന്റെ പോരാട്ട ചരിത്രമാണ് ഇടുക്കിയ്ക്കുള്ളത്.

രാജ്യത്തിന്റെ കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് മഹത്തായ സംഭാവന നൽകുന്നതിന് നമ്മുടെ നാടിന് കഴിയണമെന്നും എം പി പറഞ്ഞു. സംസ്ഥാന കായിക മേളയിലേക്ക് തെരഞ്ഞെടുക്കപെട്ട ജില്ലയിലെ കായിക താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കട്ടപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി പൊതുമരാമത്ത് ചെയർമാൻ സിബി പാറപ്പായിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. നഗരസഭാ അംഗങ്ങളായ ജാൻസി ബേബി, സോണിയ ജെയ്ബി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ, കട്ടപ്പന എ ഇ ഒ ടോമി ഫിലിപ്പ്, കട്ടപ്പന ഡി ഇ ഒ ശശികല എൽ തുടങ്ങിയവർ പങ്കെടുത്തു.

കപ്പടിച്ച് കട്ടപ്പന ഉപജില്ല

ഇടുക്കി റവന്യു ജില്ലാ കായിക മേളയിൽ കപ്പടിച്ച് കട്ടപ്പന ഉപജില്ല. 40 സ്വർണം, 33 വെള്ളി, 36 വെങ്കലവുമായി 363 പോയിന്റുകളോടെ കട്ടപ്പന ഉപജില്ല ഒന്നാം സ്ഥാനത്തും 30 സ്വർണം 28 വെള്ളി 25 വെങ്കലവുമായി 284 പോയിന്റോടുകൂടി അടിമാലി രണ്ടാം സ്ഥാനത്തും, 142 പോയിന്റുകളുമായി പീരുമേട് മൂന്നാം സ്ഥാനത്തും 59 പോയിന്റുകളുമായി തൊടുപുഴ ഉപജില്ല നാലാം സ്ഥാനത്തും എത്തി. സ്കൂൾതലത്തിൽ 119 പോയിന്റുകളുമായി എസ് എൻ വി എച്ച് എസ് എസ് എൻ ആർ സിറ്റി ആണ് മുൻപിൽ. 110 പോയിന്റുകളോടെ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ ആണ് രണ്ടാമത്. 80 പോയിന്റുകളോടെ കാൽവരി ഹൈസ്കൂൾ കാൽവരി ആണ് മൂന്നാം സ്ഥാനത്ത്.

വ്യക്തിഗത ചാമ്പ്യൻമാർ

സീനിയർ പെൺകുട്ടികൾ ; അലീന സജി, സി എച്ച് എസ് കാൽവരി മൗണ്ട്

സീനിയർ ആൺകുട്ടികൾ ; ആന്റോ ആന്റണി, സെന്റ് ജോസഫ് എച്ച് എസ് എസ് പെരുവന്താനം

ജൂനിയർ പെൺകുട്ടികൾ ; ജോബിന ജോബി, സി എച്ച് എസ് കാൽവരി മൗണ്ട്

സബ് ജൂനിയർ ആൺകുട്ടികൾ ; ഡോൺ ലാലു, സി എച്ച് എസ് കാൽവരി മൗണ്ട്

ജൂനിയർ ആൺകുട്ടികൾ സഞ്ചയ് എസ്, എസ് എൻ വി എച്ച് എസ് എൻ ആർ സിറ്റി

സബ് ജൂനിയർ പെൺകുട്ടികൾ; അബിയ ആൻ ജിജി, സെന്റ് ആന്റണിസ് യു പി സ്കൂൾ മുണ്ടക്കയം.