സാംസ്കാരിക കലകളുടെ സംഗമ ഭൂമിയായ ഇരിങ്ങാലക്കുടയിൽ കലാമാമാങ്കത്തിന് അരങ്ങുണർത്തി വിദ്യാർത്ഥികളുടെ മൃദംഗമേളയും അധ്യാപകരുടെ സ്വാഗതഗാനവും. സംഗീത, ഭാഷ അധ്യാപകരും അനധ്യാപകരുമടക്കം അമ്പതോളം പേരുടെ നേതൃത്വത്തിൽ അണിനിരന്ന സ്വാഗതഗാനം 33-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവ് പ്രൗഢമാക്കി. “കല തൻ ഉത്സവമായ്, ബാല്യ കൗമാരത്തിൻ ഉത്സവമായ് ‘ എന്ന് ആരംഭിക്കുന്ന വരികൾ കല്ലേറ്റുംകര ബിവിഎം സ്കൂളിലെ അധ്യാപിക റീന റാഫേലാണ് രചിച്ചിരിക്കുന്നത്. എട്ടര മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ സംഗീത അധ്യാപകൻ രഘു പുത്തില്ലം സംഗീതം പകർന്നപ്പോൾ എറണാകുളം സ്വദേശിയായ അനിൽ ആണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. ഗാനത്തിനൊപ്പം വേദിയിൽ നിറഞ്ഞ മോഹിനിയാട്ടം, കേരളനടനം, തിരുവാതിരക്കളി, ഭരതനാട്യം അവതരണങ്ങളും കലോത്സവത്തിന് മാറ്റേകി. ഡിഇഒ എസ് ഷാജി, പേഴ്സണൽ അസിസ്റ്റന്റ് ജസ്റ്റിൻ തോമസ്, പാലിശ്ശേരി എസ്എൻഡിപി സ്കൂളിലെ അധ്യാപിക വി അജിത എന്നിവരാണ് സ്വാഗത ഗാനത്തിന് നേതൃത്വം നൽകിയത്. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ 40 വിദ്യാർത്ഥികളുടെ മൃദംഗ മേളവും കലാപൂരത്തിന് മിഴിവേകി. വിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാല് വയസ് മുതൽ 15 വയസ് വരെയുള്ളവരാണ് മൃദംഗ മേളം തീർത്തത്.