സാംക്രമിക രോഗ പ്രതിരോധ-നിയന്ത്രണ പരിപാടികളുടെ ഭാഗമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 1 വരെ ജില്ലയിലെ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പാവനാടക കാമ്പയിന്‍ ആരോഗ്യ പെരുമയ്ക്ക് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സലിം അല്‍ത്താഫ് കൂടത്തില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ മലപ്പുറം യുവഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പാവനാടകം അവതരിപ്പിക്കുന്നത്. ക്യാമ്പയിനില്‍ പേവിഷബാധ, കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി, മഞ്ഞപ്പിത്തം, കുരങ്ങുപനി, പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. ജില്ലയില്‍ 22 പ്രദര്‍ശനങ്ങള്‍ നടക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍ നടത്തുന്നത്. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍, വെള്ളമുണ്ട ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യ ദിനം നാടകം നടന്നത്. ക്യാമ്പയിന്‍ ഡിസംബര്‍ 1 ന് കല്‍പ്പറ്റയില്‍ സമാപിക്കും. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ സണ്ണി തോമസ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സി. രാധിക തുടങ്ങിയവര്‍ സംസാരിച്ചു.