ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹികാവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമാണം മുതലായവ) ആവണം സിനിമയുടെ പ്രമേയം. രണ്ട് മിനിട്ടിൽ കുറയാത്തതും ഏഴ് മിനിട്ടിൽ കൂടാത്തതുമാവണം സമയ ദൈർഘ്യം. മലയാളം മാധ്യമത്തിൽ ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയുള്ളതാകണം.

ഒന്നാം സമ്മാനമായി 25,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനമായി 20,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനമായി 15,000 രൂപയും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധത്തിനായി പ്രയോജനപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പിനായി സിനിമകൾ ഡിസംബർ ഒമ്പതിനു മുമ്പായി സമർപ്പിക്കണം.

യുട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ്‌ലോഡ്‌ ചെയ്ത ശേഷം jesskfilm@gmail.com എന്ന മെയിലിലേക്ക് ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി.ഡി.എഫ് ഫോർമാറ്റിൽ നൽകണം.