മകളുടെ കലാ സ്വപ്നങ്ങൾക്ക് ചായം പകർന്നും ഗുരുവായും അച്ഛൻ. ജില്ലാ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കുന്ന ലക്ഷ്മി സുരേഷിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നതും മുഖത്തെഴുതി അണിയിച്ചൊരുക്കി വേദിയിൽ എത്തിക്കുന്നതും അച്ഛനായ സുരേഷ് കാളിയത്ത് ആണ്. ഗുരുവിന്റെ ശ്രദ്ധയും അച്ഛന്റെ വാത്സല്യവും ചേർത്ത് ലക്ഷ്മിക്ക് മുഖത്ത് ചായങ്ങൾ ചാർത്തുന്ന സുരേഷ് അണിയറയിലെ വേറിട്ട കാഴ്ചയായി.

25 വർഷത്തോളമായി കലാരംഗത്ത് സജീവമായ സുരേഷ് കഴിഞ്ഞ ഏഴ് വർഷമായി കലാമണ്ഡലത്തിൽ അധ്യാപകനാണ്. ചേലക്കര എസ്എംടി ജിഎച്ച്എസ്എസിൽ പ്ലസ് വൺ ബയോ സയൻസ് വിദ്യാർഥിനിയാണ് ലക്ഷ്മി. അഞ്ചാം ക്ലാസ്സ്‌ മുതൽ ഈ മിടുക്കി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കോറോണയ്ക്ക് മുൻപ് നടന്ന കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ ഒന്നാമത് എത്തിയിരുന്നു ഈ മിടുക്കി. മൂന്ന് വർഷമായി കേന്ദ്ര ഗവണ്മെന്റിന്റെ സിസിആർടി സ്കോളർഷിപ്പും കലാപഠനത്തിന് ഊർജ്ജമെന്നോണം ലക്ഷ്മിക്ക് ലഭിക്കുന്നുണ്ട്. എളനാട് സെന്റ് ജോൺസ് എച്ച്എസിൽ ഹിന്ദി അധ്യാപികയായ ദീപ സുരേഷ് ആണ് അമ്മ. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്ത ഇനങ്ങൾ ദീപയ്ക്കും വഴങ്ങും. മൂന്നാം ക്ലാസ്സുകാരനായ ലക്ഷ്മണൻ സുരേഷ് സഹോദരനാണ്.