ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാമ്പ്സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവർത്തനം സജീവമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.
‘ജനങ്ങൾക്ക് വിവിധ തലങ്ങളിൽ ഭരണഘടനാ സാക്ഷരത നൽകുവാൻ കെ-ലാമ്പ്സും കുടുംബശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണഘടന തകർക്കാനും അതിന്റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങൾ ഇന്ത്യയിൽ നടന്നുവരുന്ന സാഹചര്യത്തിലാണിത്, ‘ ഭരണഘടനാ ദിനത്തിൽ കേരള നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെയേറെ ചർച്ചകൾക്കും വിയോജിപ്പുകൾക്കും ശേഷം രൂപപ്പെട്ടതാണ് ശക്തമായ ഇന്ത്യൻ ഭരണഘടന. ഭൂരിപക്ഷം ആയുധമാക്കിയാണ് ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കേശവാനന്ദഭാരതി കേസിൽ ഭരണഘടനയിൽ മൗലികമായ മാറ്റങ്ങൾ പറ്റില്ലെന്ന് സുപ്രീംകോടതി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. എങ്കിലും ഭൂരിപക്ഷം കൂടെയുണ്ട് എന്നത് വെച്ചാണ് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്, സ്പീക്കർ അഭിപ്രായപ്പെട്ടു.
ഭരണഘടനാ അവകാശങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന്. ജനങ്ങൾക്കിടയിൽ ഭയവും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾ അരക്ഷിതാവസ്ഥയും നേരിടുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് നിയമനിർമാണ സഭകളിൽ ചർച്ച ചെയ്യാതെ ആണെന്ന് സ്പീക്കർ പറഞ്ഞു. നിരാശാജനകമായ കാര്യമാണത്. പൗരത്വ ഭേദഗതി നിയമം ആരെ ലക്ഷ്യം വച്ചാണെന്ന് ചിന്തിക്കണം.
അനേകം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമം മാറ്റുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തേണ്ടതുണ്ട്. ആ കൂടിയാലോചനകൾ ഇല്ലാതെയാണ് തൊഴിൽ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ പോകുന്നത്. ഇത് ജനാധിപത്യമല്ല ഏകാധിപത്യമാണെന്ന് സ്പീക്കർ പറഞ്ഞു. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്; ഒരു രാഷ്ട്രം ഒരു ഭാഷ; ഒരു രാഷ്ട്രം ഒരു മതം എന്ന രീതിയിൽ പാകപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ നടക്കുന്നതായും ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തെ ശക്തമായ രീതിയിൽ പിന്തുണച്ചാൽ നമുക്ക് ഒട്ടനവധി അനാചാരങ്ങളും തെറ്റിദ്ധാരണകൾ മാറ്റാൻ സാധിക്കും. മിത്തുകളെ അല്ല ശാസ്ത്രത്തെയാണ് പ്രചരിപ്പിക്കേണ്ടതെന്ന് സ്പീക്കർ ഉദ്‌ബോധിപ്പിച്ചു. ഭരണഘടനാ സാക്ഷരത എന്ന പദം സ്വാതന്ത്ര്യം കിട്ടി 73 വർഷങ്ങൾ കഴിഞ്ഞിട്ടും ഉപയോഗിക്കേണ്ടി വരുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
എല്ലാ പ്രയാസങ്ങളിലും രാഷ്ട്രത്തെ മുന്നോട്ടു നയിക്കാൻ ശക്തിയുള്ളതാണ് നമ്മുടെ ഭരണഘടന. എന്നാൽ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ അധികാരത്തിൽ വന്ന ഭരണകൂടങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. ഭരണഘടനയിൽ പറഞ്ഞ കാര്യങ്ങളെ മുറുകെപ്പിടിക്കൽ ആണ് നമ്മുടെ ലക്ഷ്യമെന്ന് ചിറ്റയം ഗോപകുമാർ ഓർമിപ്പിച്ചു. ചടങ്ങിൽ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യാതിഥിയായി.
ഇന്ത്യൻ ഭരണഘടന ഒരു ദിനം കൊണ്ട് തീരുമാനിച്ച് ഉണ്ടാക്കിയതല്ലെന്നും ഒരു രാജ്യത്തെ ജനതയുടെ അനുഭവങ്ങളുടെ ആകെത്തുകയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുൻ നിയമസഭാ സെക്രട്ടറിയും ന്യൂയാൽസ് മുൻ വി.സി യുമായ ഡോക്ടർ എൻ. കെ ജയകുമാർ വിഷയമവതരിപ്പിച്ചു. നിയമസഭാ സെക്രട്ടറി എ. എം ബഷീർ, കുടുംബശ്രീ കോഡിനേറ്റർ ബി നജീബ് എന്നിവർ സംസാരിച്ചു.