വകുപ്പുകൾ സംയോജിച്ചു നടപ്പാക്കുന്ന പദ്ധതികളിൽ ഏകോപനം ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. ഏതെങ്കിലുമൊരു വകുപ്പിൽനിന്നു കാലതാമസം ഉണ്ടാകുന്നത് പദ്ധതിയുടെ മൊത്തം പുരോഗതിയെ ബാധിക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ കാലതാമസമൊഴിവാക്കാൻ നടപടി സ്വീകരണമെന്ന് ലീഡ് ബാങ്ക് മുഖേന ബാങ്കുകൾക്കു ജില്ലാ വികസന സമിതി നിർദേശം നൽകി.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ശബരിമല സീസണോടനുബന്ധിച്ച് അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. സർക്കാരാശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയിലൂടെ നടപ്പാക്കുന്ന കുറിച്ചി ഗവൺമെന്റ് സ്‌കൂളിന്റെയും വാഴപ്പിള്ളി വൊക്കേഷണൽ സ്‌കൂളിന്റെയും നിർമാണം ത്വരിതപ്പെടുത്തണമെന്നു ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. പ്രളയത്തെതുടർന്ന് നദികളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വാരിയെടുത്തത് കൂട്ടിക്കൽ സ്‌കൂൾ ഗ്രൗണ്ട് ഉൾപ്പെടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിരവധി സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് ലേലം ചെയ്ത് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ പറഞ്ഞു. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയുടെ നിർമാണം പൂർത്തീകരണത്തോടടുത്തപ്പോൾ നിലച്ച നിലയിലാണെന്നും പരിഹാരമുണ്ടാകണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി.

നെല്ലുസംഭരണം സംബന്ധിച്ച്് കൊയ്ത്തിനുമുമ്പേ മില്ലുടമുകളുമായി സപ്ലൈക്കോ ധാരണയിലെത്തണമെന്നും നെല്ല് കിളിർത്ത് കർഷകർക്ക് നഷ്ടം നേരിടുന്ന അവസ്ഥ ഒഴിവാക്കണമെന്നും തോമസ് ചാഴികാടൻ എം. പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ പറഞ്ഞു. കടപ്ലാമറ്റം ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, ലാബ് ടെക്നീഷ്യൻ നിയമനം നടത്തണമെന്ന് ജോസ് കെ. മാണി എം. പിയുടെ പ്രതിനിധി ജെയ്സൺ മാന്തോട്ടം പറഞ്ഞു.

ബജറ്റിൽ അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ചതിന് എട്ടു വകുപ്പുകളെ യോഗത്തിൽ അനുമോദിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ മേജർ ഇറിഗേഷൻ, എക്സിക്യൂട്ടീവ് എൻജിനീയർ മൈനർ ഇറിഗേഷൻ, ജല അതോറിറ്റി പി.എച്ച്, ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം, കടുത്തുരുത്തി ജല അതോറിറ്റി(പി.എച്ച്), ഡെപ്യൂട്ടി കമ്മീഷണർ ജി.എസ്.ടി, ഡി.എഫ്.ഒ എന്നിവയാണ് മുഴുവൻ തുകയും വിനിയോഗിച്ചത്. ജില്ലയ്ക്ക് 465.49 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. ഇതിൽ 352.58 കോടി രൂപ കൈമാറിയതിൽ 66.33 ശതമാനവും വിനിയോഗിച്ചിട്ടുണ്ട്.

കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജെയ്സൺ മാന്തോട്ടം, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസർ പി.എ അമാനത്ത്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.