ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള പ്രഥമ സംരംഭമായ പ്രാഥമിക നേത്ര പരിശോധന യൂണിറ്റിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. ഗവ.ജില്ലാ ഹോമിയോ ആശുപത്രിയിലാണ് ക്ലിനിക്ക് ആരംഭിച്ചത്. പ്രാഥമിക നേത്രപരിശോധന അടുത്തുള്ള ആശുപത്രിയിൽ നടത്താൻ സാധിക്കുന്നത് ആളുകൾക്ക് സഹായമാവുമെന്നും കേന്ദ്രത്തിന്റെ പ്രവർത്തനം മുൻനിർത്തി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗപ്പെടുത്തിയാണ് ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ എല്ലാ ബുധനാഴ്ചകളിലും നേത്രപരിശോധന യൂണിറ്റിന്റെ സേവനം ലഭ്യമാകും. ഒരു ഒപ്റ്റോമെട്രിസ്റ്റിന്റെ സേവനമാണ് യൂണിറ്റിൽ ലഭ്യമാവുക. കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ, പ്രമേഹരോഗികൾ നേരിടുന്ന കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തിമിരം തുടങ്ങിയവ തിരിച്ചറിയാൻ പരിശോധന വഴി സാധിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ, കോർപറേഷൻ കൗൺസിലർ വി.പി മനോജ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കവിതാ പുരുഷോത്തമൻ, എം. രാധാകൃഷ്ണൻ, എച്ച്.എം.സി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീലേഖ.ടി. സ്വാഗതവും ആർ.എം.ഒ ഡോ.ഡെൻസി ജോർജ്ജ് നന്ദിയും പറഞ്ഞു.