ഇന്ഫര്മേഷന് ആന്റ് പബ്ലിക് റിലേഷന്സ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിച്ച ഏകദിന ചിത്രരചനാ ക്യാമ്പ് ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമരചരിത്ര മ്യൂസിയത്തിലാണ് വിദ്യാര്ത്ഥികള്ക്കായ് ക്യാമ്പ് സംഘടിപ്പിച്ചത്.ഏതൊരു കലാകാരന്റെ സൃഷ്ടിയും അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ചിത്രകാരൻ എന്ന നിലയിൽ സാമൂഹ്യ വിഷയങ്ങളിൽ നമ്മുടേതായ ചിത്ര ഭാഷയിലൂടെ വേണം പ്രതികരിക്കാനെന്നും, ആ ഭാഷ കണ്ടും അനുഭവിച്ചും മനസ്സിലാക്കേണ്ടതാണെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചു നടത്തിയ ക്യാമ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹയർ സെക്കൻഡറി ഹൈസ്കൂൾ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിദ്യാർത്ഥികളുടെ സൃഷ്ടികൾ എക്സിബിഷനിലൂടെ പ്രദർശിപ്പിക്കും.
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ അധ്യക്ഷത വഹിച്ചു. ചിത്രകാരി ശ്രീജ പള്ളം കുട്ടികളുമായി സംവദിക്കുകയും ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ലളിത കലാ അക്കാദമി നിർവ്വാഹക സമിതി അംഗവും ചിത്രകാരനുമായ സുനിൽ അശോകപുരം ശില്പശാലക്ക് നേതൃത്വം നൽകി.