കൃഷിക്ക് അനുകൂലമായ സാഹചര്യം കോവിഡാനന്തരം സംസ്ഥാന സർക്കാർ ഒരുക്കിയിണ്ടെന്നും കൃഷിക്ക് നൂതനരീതികൾ അവലംബിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാമവർമ്മപുരം ചൈൽഡ് വെൽഫെയർ ഹോമിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ കൃഷിക്കാരനാവുകയെന്നത് ആർക്കും എപ്പോഴും സാധ്യമാണ്. അതിനുള്ള മനസുണ്ടായാൽ മതി. നൂതന കൃഷിരീതിയൽ മണ്ണിന്റെയോ സ്ഥലത്തിന്റെയോ പോലും ആവശ്യം കുറവാണ്. കുറഞ്ഞ ചെലവിൽ എവിടെയും മികച്ച രീതിയിൽ കൃഷി ചെയ്യാൻ സാധിക്കും. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിൽവട്ടം കൃഷിഭവന്റെ നേതൃത്വത്തിൽ 2022-23 വർഷത്തെ പച്ചക്കറികൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തുന്നത്. പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറിത്തൈകൾ തുള്ളിനന രീതിയിലൂടെ ജലം പാഴാകാതെയാണ് കൃഷിക്കായി സജ്ജീകരിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ മീര പി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സൂസമ്മ ജോർജ്, കോർപറേഷൻ കൗൺസിലർമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർമാർ എന്നിവർ പങ്കെടുത്തു.