കൃത്രിമ ഗർഭധാരണം നടത്തുന്ന രോഗികൾക്ക് ആശ്വാസം

എ.ആർ.ടി. സറോഗസി സ്റ്റേറ്റ് ബോർഡിന്റെ ആദ്യ യോഗം ചേർന്നു

കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷൻ) ആക്ട് 2021, സരോഗസി (റഗുലേഷൻ) ആക്ട് 2021 എന്നിവ അനുസരിച്ച് ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്നോളജി (എ.ആർ.ടി.) സറോഗസി ക്ലിനിക്കുകൾ പരിശോധനകൾ നടത്തി സമയബന്ധിതമായി അംഗീകാരം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിശ്ചിത ഫീസ് സഹിതം അപേക്ഷ സമർപ്പിച്ച എല്ലാ സ്ഥാപനങ്ങളും പരിശോധിക്കുന്നതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളായി തിരിച്ചാണ് പരിശോധനകൾ നടത്തുക. സ്റ്റേറ്റ് ബോർഡിന്റെ അംഗങ്ങളെ ഈ മൂന്ന് മേഖലകളിലായി ഇൻസ്പെക്ഷനായി നിയോഗിച്ചിട്ടുണ്ട്. ഇവർ എത്രയും വേഗം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം അംഗീകാരം നൽകുന്നതാണ്. ഇതിലൂടെ കൃത്രിമ ഗർഭധാരണം നടത്തുന്ന രോഗികൾക്ക് നിയമപ്രകാരം ചികിത്സ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ അധ്യക്ഷതയിൽ എ.ആർ.ടി. സറോഗസി സ്റ്റേറ്റ് ബോർഡിന്റെ ആദ്യ യോഗം ചേർന്നു. പരിശോധന നടത്തി നാല് തരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം നൽകുന്നത്. ലെവൽ 1 ഇൻസ്റ്റിറ്റിയൂഷൻ, ലെവൽ 2 ക്ലിനിക് അഥവാ എആർടി ക്ലിനിക്, എആർടി ബാങ്ക്, സറോഗസി ക്ലിനിക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തിൽ സ്റ്റേറ്റ് ബോർഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോർഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറിയുമാണ്.

സ്റ്റേറ്റ് ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് അപ്രോപ്രിയേറ്റ് അതോറിറ്റിക്ക് കൈമാറുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നൽകുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറിയും ബോർഡ് മെമ്പർ സെക്രട്ടറിയുമായ ഡോ. ചിത്ര, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, ശാന്തകുമാരി എംഎൽഎ ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.