ഫ്രഞ്ച് സർറിയലിസ്റ്റ് സിനിമയുടെ പ്രചാരകനും വക്താവുമായ അലഹാന്ദ്രോ ജോഡ്രോവ്സ്കിയുടെ അഞ്ച് സിനിമകൾ ഡിസംബർ 9 മുതൽ 16 വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.1970 നും 2015 നുമിടയിൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ജോഡ്രോവ്സ്കി ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
സംവിധാനത്തിനൊപ്പം അഭിനയമികവും കാഴ്ചവച്ച എൽ ടോപ്പോ,ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ദി ഡാൻസ് ഓഫ് റിയാലിറ്റി,ഹൊറർ ത്രില്ലർ ഡ്രാമ സാന്റ സാങ്ക്രേ, ലൈംഗികത, അക്രമം തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കിയ ദി ഹോളി മൗണ്ടൻ , എൻഡ്‌ലെസ്സ് പോയട്രി എന്നീ ചിത്രങ്ങളാണ് മേളയിലെ ദി സർറിയൽ സിനിമ ഓഫ് അലഹാന്ദ്രോജോഡ്രോവ്സ്കി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അലഹാന്ദ്രോയുടെ അവസാന ഓട്ടോ-ബയോപിക് ചിത്രമായ എൻഡ്‌ലെസ് പോയട്രി ദ ഡാൻസ് ഓഫ് റിയാലിറ്റിയുടെ തുടർച്ചയായാണ് അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യയിൽ ആദ്യമായാണ് കാൻ ഉൾപ്പടെ വിവിധ മേളകളിൽ പ്രേക്ഷക പ്രീതിനേടിയ അലഹാന്ദ്രോ ചിത്രങ്ങളുടെ പ്രത്യേക പാക്കേജ് പ്രദർശിപ്പിക്കുന്നത്