സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 217 മത് പഴശ്ശിദിനാചരണത്തിന്റെ ഭാഗമായി പഴശ്ശികുടീരത്തില്‍ നാട്ടുവാദ്യോപക രണങ്ങളുടെ പ്രദര്‍ശനം തുടങ്ങി. പഴശ്ശി കുടീരം മ്യൂസിയം ഗ്യാലറിയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വ ഇനം സംഗീതോപകരണങ്ങളുടെ ശേഖരമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ ഗോത്ര ജനതയുടെ സുഷിര വാദ്യമായ ഹോണ്‍ പൈപ്പ്, പൊള്ളയായ മരക്കുറ്റിക്ക് മുകളില്‍ ആട്ടിന്‍ തോല്‍ കെട്ടി നിര്‍മ്മിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെ താളവാദ്യമായ ജാംബെ, ആഫ്രിക്കന്‍ ഗോത്ര ജനതയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്ന ആഫ്രിക്കന്‍ ചെണ്ട തുടങ്ങീ വയനാട്ടിലെ അടിയരുടെയും പണിയരുടെയും വാദ്യമായ തുടി, അട്ടപ്പാടിയിലെ ഇരുളര്‍ ഉപയോഗിക്കുന്ന താളവാദ്യമായ പൊറെയ്, ദവില്‍, കേരളത്തിലെ അനുഷ്ഠാന കലയായ പടയണിക്ക് ഉപയോഗിക്കുന്ന താള വാദ്യമായ തപ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സംഗീത ഉപകരണങ്ങളുടെ ശേഖരമാണ് പ്രദര്‍ശനത്തിലുള്ളത്. ഡിസംബര്‍ 11 വരെ പഴശ്ശികുടീരം മ്യൂസിയത്തില്‍ പ്രദര്‍ശനം തുടരും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയാണ് പ്രവേശനം.