കോഴിക്കോട് ജില്ലാ കലോത്സവത്തിന് വേദി ഉണരും മുൻപേ ഊട്ടുപുരയിൽ സദ്യവട്ടങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭക്ഷണക്കമ്മറ്റിക്കാർ. പായസമുൾപ്പെടെയുള്ള വിഭവ സമൃദ്ധമായ സദ്യയാണ് കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ ഒരുക്കിയത്. പതിനായിരം പേർക്കാണ് ഭക്ഷണശാലയിൽ അന്നം വിളമ്പിയത്.
ശ്രീനാരായണ യു പി സ്കൂളാണ് ഭക്ഷണശാലയ്ക്ക് വേദിയായത്. ഏഴ് കൗണ്ടറുകൾ വഴി ഭക്ഷണ വിതരണം നടത്തി. ഓരോ കൗണ്ടറിലും നൂറ് പേർക്ക് ഒരേസമയം ഭക്ഷണം വിളമ്പാൻ സാധിച്ചു. നാല് നേരത്തെക്കുള്ള ഭക്ഷണമാണ് ഇവിടെ തയ്യാറാക്കുന്നത്.
ഭക്ഷണത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് എല്ലാവർക്കുമുള്ളത്. അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഭക്ഷണശാലയിൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ശ്രീനാരായണ സ്കൂളിലെയും വടകര എം.യു.എം സ്കൂളിലെയും വിദ്യാർഥികൾ സംയുക്തമായി വളണ്ടിയർ സേവനവും നടത്തിയതോടെ സംഘാടനം മികച്ചതായി.
ഭക്ഷണ വിതരണം ഇനി നാല് ദിവസം കൂടി തുടരും. ഒരേസമയം ക്യൂ നിയന്ത്രിക്കുകയും, ഭക്ഷണവിതരണം സുഗമമായി നടത്തുകയും ചെയ്ത ഭക്ഷണ കമ്മിറ്റി അധ്യാപക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ആയഞ്ചേരി സ്വദേശി പയഞ്ചേരി നാണുവിൻ്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന ടീമാണ് വിഭവ സമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നത്. സഹായത്തിന് അധ്യാപകരും സന്നദ്ധപ്രവർത്തകരും കൂടെയുണ്ട്.