സാനിറ്ററി പാഡ് വിമുക്ത നഗരസഭയാകുക എന്ന ലക്ഷ്യത്തിലേക്ക് വടക്കാഞ്ചേരി. പദ്ധതിയുടെ ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു തോമസിന് മെൻസ്ട്രൽ കപ്പ് നൽകിയാണ് വിതരണം നിർവഹിച്ചത്. ആശാപ്രവർത്തകരുടെയും അങ്കണവാടി അധ്യാപകരുടെയും സഹായത്തോടെ ഡിവിഷനുകളിൽ കപ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി സഹകരിച്ചാണ് മെൻസ്‌ട്രൽ കപ്പ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്. 2022-23 വർഷത്തെ വാർഷിക പദ്ധതിയില്‍ മെൻസ്‌ട്രുവല്‍ കപ്പ് എന്ന പദ്ധതിക്കായി 1450000 രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്.

ഡോ. ബിന്ദുതോമസ്, ഡോ. സുജയ, ഡോ രേണുക എന്നിവർ ബോധവൽക്കരണ ക്ലാസിൽ സംസാരിച്ചു. മെൻസ്ട്രൽ കപ്പ് എന്ന ആശയത്തിലൂടെ ആർത്തവ കാലത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനെ കുറിച്ചും മെൻസ്ട്രൽ കപ്പിനെ കുറിച്ച് ഉണ്ടായിട്ടുള്ള തെറ്റായ ധാരണകൾ, സംശയങ്ങൾ എന്നിവയെ കുറിച്ചും ചർച്ച ചെയ്തു.

വടക്കാഞ്ചേരി സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ഷീല മോഹൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി, കൗൺസിലർമാരായ ധന്യ, ലില്ലി,സെക്രട്ടറി കെ കെ മനോജ്, ആശാവർക്കർമാർ, അംഗനവാടി അധ്യാപകർ, ഹരിതകർമ്മ സേനാംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.