33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ വിരിഞ്ഞ കലാമാമാങ്കത്തിൽ കലാ കിരീടം ചൂടി ഇരിങ്ങാലക്കുട ഉപജില്ല. 893 പോയന്റ് നേടിയാണ് 117.5 ഗ്രാമിന്റെ സ്വർണ്ണക്കപ്പ് ഇരിങ്ങാലക്കുട സ്വന്തമാക്കിയത്. കോവിഡ് കവർന്ന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലാവിസ്മയം ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുടയെ നാല് നാൾ ആവേശത്തിലാഴ്ത്തി. 832 പോയന്റോടെ തൃശൂർ വെസ്റ്റ് രണ്ടാം സ്ഥാനവും 800 പോയന്റ് നേടി കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനവും നേടി. ജേതാക്കൾക്കുള്ള സമ്മാനദാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ 123 പോയിന്റുമായി സെന്റ് ജോസഫ് മതിലകവും ഹയർ സെക്കന്ററി വിഭാഗത്തിൽ 127 പോയിന്റോടെ ചെന്ത്രാപ്പിന്നി എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. 186 അപ്പീലുകളാണ് ലഭിച്ചത്.
16 വേദികളിൽ 4 ദിനങ്ങളായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 12 ഉപജില്ലകളിൽ നിന്നുള്ള 8,000 ത്തിലധികം പ്രതിഭകളാണ് മാറ്റുരച്ചത്. ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങി വേദികളിലായാണ് നാല് നാൾ ഇരിങ്ങാലക്കുട കലാമാമാങ്കത്തിന് സാക്ഷിയായത്.