രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് കൃത്യമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. തൃശ്ശൂർ കോർപ്പറേഷൻ രാമവർമപുരത്ത് നിർമ്മിച്ച ബഡ്സ് സ്കൂളിൻ്റെ ഉദ്ഘാടനം നിർവഹിക്കുകായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച് സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കാൻ പ്രാപ്താമാക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ബഡ്സ് സ്കൂളുകളും ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററുകളും നിപ്മർ പോലുള്ള സ്ഥാപനങ്ങളും ഇതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമൂഹികനീതി വകുപ്പ് ഒട്ടേറെ പദ്ധതികൾ ഭിന്നശേഷികാർക്കായി നടത്തുന്നുണ്ട്. അർഹരിലേക്ക് സഹായങ്ങൾ എത്തുന്നതിന് ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

മാനസികവും ശാരീരികവും ബുദ്ധിപരവുമായ ബലഹീനതകൾ നേരിടുന്നവർക്ക് വിദ്യാഭ്യാസവും തൊഴിൽപരിശീലനവും പുനരധിവാസവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ ഒരു കോടിയോളം രൂപ ചെലവഴിച്ച് രാമവർമപുരത്ത് ബഡ്സ് സ്കൂൾ നിർമിച്ചിരിക്കുന്നത്.

ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജയിംസ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.