ജില്ലയിൽ 1000 പേരെ സന്നദ്ധസേന വോളണ്ടിയര്‍മാരാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. സന്നദ്ധ സേവന പ്രവർത്തകർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒത്തൊരുമയോടെ കർമ്മനിരതരായി കേരളം മഹാപ്രളയവും കോവിഡും നിപയും നേരിട്ടു. സ്വാർത്ഥതയില്ലാതെ മറ്റുള്ളവർക്കായി സന്നദ്ധപ്രവർത്തനം നടത്താൻ മുന്നോട്ടുവന്നരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ദുരന്തനിവാരണ മുന്നൊരുക്കം എന്ന വിഷയത്തിൽ ഹസാർഡ് അനലിസ്റ്റ് അശ്വതി പിയും ഫസ്റ്റ് എയ്ഡ് ആൻഡ് ട്രോമ കെയർ എന്ന വിഷയത്തിൽ ഏഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷനും ഫയർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിൽ വെള്ളിമാട്കുന്ന് സ്റ്റേഷൻ ഓഫീസും പരിശീലനം നടത്തി.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ.വി അബ്ദുൾ ലത്തീഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി സ്വാഗതവും ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ബാബുരാജ് ടി നന്ദിയും പറഞ്ഞു.