പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിൽ യോഗം ചേര്‍ന്നു. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും ഒരു ബൂത്ത് ലെവല്‍ ഏജന്റിനെ നിയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാർ, ബൂത്ത് ലെവല്‍ ഓഫീസര്‍മാർ, ബൂത്ത് ലെവല്‍
ഏജന്റുമാർ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണം. അര്‍ബന്‍ മേഖലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍, ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ പ്രത്യേക ഡ്രൈവ് നടത്തണമെന്നും വില്ലേജ് തലത്തില്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബുകള്‍ കൂടുതല്‍ സജീവമാക്കണമെന്നും ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ നിര്‍ദ്ദേശിച്ചു. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്പയിന് തുടക്കമായിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. എല്ലാവരും അവസരം പ്രയോജന പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ഡിസംബര്‍ 3, 4 തീയതികളിലായാണ് ക്യാമ്പയിന്റെ രണ്ടാം ഘട്ടം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ക്യാമ്പയിന്റെ ഭാഗമായി നവംബര്‍ 9ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിന് അവസരം ഉണ്ടാകും. പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും അവകാശങ്ങളും ഉള്ളവര്‍ക്ക് അവ നല്‍കാനും പുതുതായി പേര് ചേര്‍ക്കാനും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുമുള്ള സൗകര്യം ക്യാമ്പയിനില്‍ ഉണ്ടാകും. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് യജ്ഞം നടപ്പിലാക്കുന്നത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ഡിസംബര്‍ 8 വരെ കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തല്‍ നടത്താവുന്നതാണ്. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5 ന് പ്രസിദ്ധീകരിക്കും. ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കരട്- അന്തിമ വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
കണക്ക്പ്രകാരം സമ്മതിദാനത്തിന് യോഗ്യരായവരിൽ 98.08% ആളുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലും ജില്ലയിൽ പുരോഗതിയുണ്ട്. കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി, തൃശൂർ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ടി ജയശ്രീ, ജില്ലയിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസർമാർ, അസി.ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസർമാർ, താലൂക്ക് ഇലക്ഷൻ വിഭാഗം ജീവനക്കാർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.