പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സുഹൃത്തുക്കള്‍ മാതൃകയായി

ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സുഹൃത്തുക്കളും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു) അംഗങ്ങളുമായ ടി. നാണുവും പി. വിശ്വനാഥനും മാതൃകയായി. ഇരുവരും ചേര്‍ന്ന് അരലക്ഷത്തോളം രൂപയുടെ ചെക്കുകള്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാറിനു കൈമാറി. 2015 ജനുവരിയില്‍ ബാലുശ്ശേരി എംപ്ലോയിമെന്റ് ഓഫിസറായി വിരമിച്ച ടി. നാണു നിലവില്‍ സിവില്‍ സ്റ്റേഷന്‍ കാന്റിന്റെ മേല്‍നോട്ടക്കാരനാണ്. വൈത്തിരി താലൂക്ക് തഹദില്‍ദാരായി 2005 ജൂലായിലാണ് പി. വിശ്വനാഥന്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. കോഴിക്കോട് ജില്ലക്കാരായ ഇരുവരും പത്തു വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കല്‍പ്പറ്റ മടക്കിമലയിലാണ് താമസം. എന്‍.ജി.ഒ യൂണിയന്‍ മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ കൂടിയായ ടി. നാണു, നിലവില്‍ കെ.എസ്.എസ്.പി.യു മുട്ടില്‍ ബ്ലോക്ക് കമ്മിറ്റി അംഗവും പി. വിശ്വനാഥന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാന്‍ ടി. നാണു തീരുമാനിച്ചതോടെ പി. വിശ്വനാഥനും ആ തീരുമാനമേറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് വിശ്വനാഥന്റെ നിര്‍ദ്ദേശ പ്രകാരം ഇരുവരും പെന്‍ഷന്‍ തുകയുടെ ചെക്കുകളുമായി കളക്ടറേറ്റില്‍ നേരിട്ടെത്തി ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്കൊരു സഹായവും മറ്റുള്ളവര്‍ക്കിതൊരു പ്രചോദനവുമാകട്ടെയെന്നാണ് ഇരുവരുടെയും പക്ഷം.

കെ.ജെ ദേവസ്യ അഞ്ചുസെന്റ് ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുസെന്റ് ഭൂമി സംഭാവന ചെയ്തു. സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ മുക്കുത്തിക്കുന്ന് പ്രദേശത്ത് തന്റെ കൈവശമുള്ള 55 സെന്റ് ഭൂമിയില്‍ നിന്നാണ് കെ.ജെ ദേവസ്യ അഞ്ചുസെന്റ് ദുരിതമനുഭവിക്കുന്നവര്‍ക്കായി മാറ്റിവച്ചത്. ഇതിന്റെ രേഖ ബുധനാഴ്ച വൈകീട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന് കൈമാറി. സുല്‍ത്താന്‍ ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാന പാതയില്‍ നിന്നു 150 മീറ്റര്‍ മാത്രം മാറിയാണ് ഭൂമി. ഇവിടേക്ക് പഞ്ചായത്ത് റോഡും വൈദ്യുതി, വെള്ളം എന്നീ സൗകര്യങ്ങളുമുണ്ട്. ഏക്കറിന് 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് പ്രദേശത്തെ ഭൂമിയുടെ വില. ദുരിതബാധിതര്‍ക്ക് കഴിയുന്ന സഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി സംഭാവന നല്‍കിയതെന്ന് കെ.ജെ ദേവസ്യ പറഞ്ഞു. ലാലിയാണ് ഭാര്യ. സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ സന്തോഷ്, അഞ്ജു, ആനന്ദ് (ബിസിനസ്) എന്നിവര്‍ മക്കളാണ്.

ഒരുമാസത്തെ അലവന്‍സ് നല്‍കി വൈദികന്‍ മാതൃകയായി

ഒരുമാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വൈദികന്‍. കല്‍പ്പറ്റ ഡിപോള്‍ പള്ളിവികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേല്‍ ആണ് ഒരുമാസത്തെ അലവന്‍സായ പതിനൊന്നായിരവും കുര്‍ബാനയ്ക്ക് ലഭിച്ച മൂവായിരവും ചേര്‍ത്ത് 14,000 രൂപ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിനെ ഏല്‍പ്പിച്ചത്. ഡിപോള്‍ പള്ളിയില്‍ നിന്നു ദുരിതബാധിത മേഖലകളില്‍ എത്തിച്ച സഹായത്തിനു പുറമെയാണിത്. പൂര്‍ണമായി വെള്ളത്തിലായ എട്ടു വീടുകള്‍ക്ക് 10,000 രൂപ വീതം പള്ളിയില്‍ നിന്നു കൈമാറിയിട്ടുണ്ട്. ദുരിതബാധിതരായ 150ഓളം വീട്ടുകാര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. ഡിപോള്‍ പള്ളിയില്‍ നിന്നു മാത്രം 3.75 ലക്ഷത്തോളം രൂപയുടെ സഹായം ദുരിതബാധിത മേഖലകളിലെത്തിച്ചു.

യാത്രയയപ്പ് ഉപഹാരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മീനങ്ങാടി എസ്.ഐ

സര്‍വ്വീസ് കാലയളവില്‍ ഏറ്റവുമവസാനം ലഭിക്കുന്ന യാത്രയയപ്പ് നിമിഷം അനശ്വരമാക്കി മീനങ്ങാടി എസ്.ഐ സി.വി ജോര്‍ജ് വേറിട്ടു നിന്നു. കേരള പൊലിസ് അസോസിയേഷനും കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷനും സംയുക്തമായി നടത്തിയ യാത്രയയപ്പ് ചടങ്ങിലാണ് തനിക്കു കിട്ടിയ ഒരു പവന്റെ സ്വര്‍ണനാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണെന്ന് അറിയിച്ചത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണ നാണയത്തിന്റെ മൂല്യമുള്ള തുക കൈമാറി. കേരള പൊലിസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ശശീധരന്‍, സെക്രട്ടറി പി.ജി സജീഷ് കുമാര്‍, കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.സി സജീവന്‍, മുന്‍ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. അമ്പലവയല്‍ സ്വദേശിയായ സി.വി ജോര്‍ജ് ആഗ്‌സറ്റ് 31 ന് സര്‍വ്വീസ് കാലവധി പൂര്‍ത്തിയാവും. സംസ്ഥാന പൊലിസ് സേനയില്‍ 29-ാം വര്‍ഷത്തെ സേവനമാണ് അദ്ദേഹത്തിന്റേത്.

സി.പി.എം ജില്ലാ കമ്മിറ്റി 11.59 ലക്ഷം നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം വയനാട് ജില്ലാ കമ്മിറ്റി 11,59,270 രൂപ നല്‍കി. ബുധനാഴ്ച വൈകിട്ട് പാര്‍ടി ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ തുക കളക്ടര്‍ കേശവേന്ദ്ര കുമാറിനു കൈമാറി. ജില്ലയില്‍ നിന്നും 40 ലക്ഷം രൂപ സ്വരൂപിച്ച് നല്‍കാനാണ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇത്തരത്തില്‍ 35 ലക്ഷത്തോളം രൂപ വിവിധഘട്ടങ്ങളിലായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി ജില്ലാ സെക്രട്ടറി പറഞ്ഞു. കൂടാതെ തോട്ടം തൊഴിലാളികളുടെ ഒരു ദിവസ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ജില്ലയിലെ നഷ്ടങ്ങളുടെ കണക്ക് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ തിട്ടപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ആറു മാസം കൊണ്ട് വയനാടിനെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പുനര്‍നിര്‍മ്മിക്കാനാണ് പാര്‍ടി ശ്രമമെന്നും പി.ഗഗാറിന്‍ പറഞ്ഞു.