പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

ജില്ലയിലെ പുറക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴിലും കരുവാറ്റ ഗ്രാമപഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു.

രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും. പുറക്കാട് പഞ്ചായത്തിലെ 9,300 പക്ഷികളേയും കരുവാറ്റ ഗ്രാമപഞ്ചായത്തിലെ 292 പക്ഷികളെയുമാണ് നശിപ്പിക്കേണ്ടത്.

കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ കരുവാറ്റ, പുറക്കാട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു. പ്രഭവകേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ല എന്ന് പോലീസ് ഉറപ്പ് വരുത്തണം.

യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശന്‍, ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു, ജില്ല എപ്പിടെമോളജിസ്റ്റ് ഡോ. വൈശാഖ് മോഹന്‍, ഡി.എം.ഒ. (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ്, ഡോ. സന്തോഷ് കുമാര്‍, കരുവാറ്റ പഞ്ചായത്ത് സെക്രട്ടറി അജയകുമാര്‍, പുറക്കാട് പഞ്ചായത്ത് സെക്രട്ടറി അനീഷ ബീഗം, വി.ജെ പോള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.