കാത്തിരിപ്പിനൊടുവില്‍ റിഷാന്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ചൊവ്വാഴ്ച കലക്ടറുടെ ചേംബറില്‍ വെച്ച് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പൗരത്വ രേഖ കൈമാറുമ്പോള്‍ അമ്മ ശ്രീദേവി സുരേഷും ഭാര്യ ഏക്താ ചൗധരിയും ആ നിമിഷത്തിന് സാക്ഷിയായി.

ചെമ്പൂക്കാവ് ‘ഗംഗോത്രി’യില്‍ ശ്രീദേവി സുരേഷിന്റെയും ശ്രീലങ്കന്‍ സ്വദേശി സുരേഷ് ഗംഗാധരന്റെയും മൂത്തമകനാണ് റിഷാന്ത്. പിതാവിന്റെ പൗരത്വമാണ് റിഷാന്തിന്റെ രേഖകളില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന റിഷാന്തിനെയും സഹോദരന്‍ റിനോയിയെയും വിദേശവിദ്യാര്‍ത്ഥികളായാണ് പരിഗണിച്ചിരുന്നത്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കോലഴി ചിന്മയ വിദ്യാലയയിലും തുടര്‍ന്ന് ബെംഗളൂരു ചിത്രകലാ പരിഷത്ത് ഫൈന്‍ ആര്‍ട്‌സ് കോളേജിലുമാണ് റിഷാന്ത് പഠിച്ചത്. ബിരുദപഠനത്തിനായി ബംഗളൂരുവിലെത്തിയ റിഷാന്ത് തുടര്‍ന്ന് അവിടെ തന്നെ ബിസിനസ് ചെയ്തുവരികയായിരുന്നു.

മുപ്പത്തിയേഴുകാരനായ റിഷാന്തിന്റെ ഭാര്യ ഏക്ത ചൗധരി ഡല്‍ഹി സ്വദേശിയാണ്. പഠനകാലത്ത് വിദേശവിദ്യാര്‍ത്ഥികളുടെ ഫീസ് ഘടനയില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും നിലവില്‍ ഭാര്യയ്ക്കൊപ്പം വിദേശയാത്രകള്‍ ചെയ്യുന്നതിലാണ് പ്രയാസം നേരിടുന്നതെന്നും റിഷാന്ത് പറഞ്ഞു. രണ്ടു രാജ്യക്കാരെന്ന നിലയില്‍ ഇരുവരുടെയും വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് രണ്ടുരീതിയിലായതിനാല്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചതോടെ ഉണ്ടായിരിക്കുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നും റിഷാന്ത് പറഞ്ഞു.

ഇന്ത്യയില്‍ തന്നെ തുടരാനും തൊഴിലെടുക്കാനും ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതെന്ന് റിഷാന്ത് പറഞ്ഞു. സഹോദരന്‍ റിനോയിയുടെ പൗരത്വ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.