മത്സ്യഫെഡ് വാര്‍ഷിക പൊതുയോഗം എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. മത്സ്യഫെഡിന്റെ 2021-22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഓഡിറ്റ് റിപ്പോര്‍ട്ട്, 2023-24 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് എന്നിവ മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ: ദിനേശന്‍ ചെറുവാട്ട് അവതരിപ്പിച്ചു. ആകെ 822.09 കോടി രൂപയുടെ റവന്യൂ വരവും 807.43 കോടി രൂപയുടെ റവന്യൂ ചെലവും കഴിച്ച് 14.66 കോടി രൂപയുടെ റവന്യൂ മിച്ചം പ്രതീക്ഷിക്കുന്ന റവന്യൂ ബഡ്ജറ്റും 279.29 കോടി രൂപ പദ്ധതി ചെലവും 14.15 കോടി രൂപയുടെ മൂലധന ചെലവും കഴിച്ച് 51.50 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബഡ്ജറ്റും അംഗീകരിച്ചു. കേന്ദ്ര പൂളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ചിരുന്ന മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ച പഞ്ഞമാസ ആശ്വാസ പദ്ധതിയുടെ ആശ്വാസവിഹിതം പുന:സ്ഥാപിക്കുക, തീരസംരക്ഷണത്തിന് നല്‍കി വന്നിരുന്ന കേന്ദ്ര വിഹിതം പുന:സ്ഥാപിക്കുക, ഉള്‍നാടന്‍ ജലാശയങ്ങളിലെ പോളവ്യാപനം ഒഴിവാക്കാന്‍ ശാസ്ത്രീയ മാര്‍ഗ്ഗം സ്വീകരിക്കുക എന്നീ പ്രമേയങ്ങള്‍ പൊതുയോഗം അംഗീകരിച്ചു.
മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മുന്‍ ചെയര്‍മാന്‍ അഡ്വ: വി.വി. ശശീന്ദ്രന്‍, മുന്‍ ഭരണസമിതി അംഗങ്ങളായിരുന്ന സി.പി. കുഞ്ഞിരാമന്‍, ഓസ്റ്റിന്‍ ഗോമസ് തുടങ്ങി മത്സ്യമേഖലയിലേയും പൊതുമേഖലയിലേയും മരണപ്പെട്ട പ്രമുഖ വ്യക്തികളെ അനുസ്മരിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ടി. രഘുവരന്‍, പി.ബി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.