ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായ തൃശൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയഗിരി നിർവ്വഹിച്ചു. മുൻസിപ്പാലിറ്റി വൈസ്ചെയർമാൻ ടി.വി. ചാർളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി വിഷയാവതരണം നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് ദിനാചരണ സന്ദേശം നൽകി. Equalize: ഒന്നായി തുല്യരായി തടുത്ത് നിർത്താം. എന്നതാണ് ഈ വർഷത്തെ സന്ദേശം. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷാജു. കെ. വൈ വിദ്യാർത്ഥികൾക്ക് ദീപം കൈമാറൽ ചടങ്ങ് നടത്തി എയ്ഡ്സ് ബോധവത്ക്കരണത്തിൽ വിദ്യാർത്ഥികളുടെ പങ്കിനെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സുജ അലോഷ്യസ് സ്വാഗതം ആശംസിച്ച യോഗത്തിന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ എ. എ. കൃതജ്ഞതയർപ്പിച്ച് സംസാരിച്ചു.

ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഹരിതാദേവി ടി എ, മലയാളം വകുപ്പ് അധ്യാപകൻ ഫാദർ ടെജി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഷിന്റോ വി.പി., ജീൻസി എസ് ആർ. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർമാരായ സോണിയജോണി, രജീന രാമകൃഷ്ണൻ ആരോഗ്യകേരളം കൺസൾട്ടന്റ് ഡാനിപ്രിയൻ എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന കലാജാഥ – തണ്ണീർമുക്കം സദാശിവന്റെ കഥാപ്രസംഗത്തിന്റെ അവതരണവും ഇതോടൊപ്പം അരങ്ങേറി. ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ ബോധവത്ക്കരണ പരിപാടികളും കോളേജിൽ സംഘടിപ്പിച്ചു. 300 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.