എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിച്ചു. മുന്നൂറിലധികം തൊഴിലന്വേഷകർ മേളയിൽ പങ്കെടുത്തു. വാർഡുകളിൽ തൊഴിൽ സഭ നടത്തിയും സർവേ നടത്തിയുമാണ് പഞ്ചായത്ത് തൊഴിലന്വേഷകരെ കണ്ടെത്തിയത്. ഇൻഫോ പാർക്ക്, സിൽവർ സ്റ്റോം, തദ്ദേശീയ സ്ഥാപനങ്ങൾ തുടങ്ങിയവ മേളയിൽ തൊഴിൽ ദാതാക്കളായെത്തി.
പഞ്ചായത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി വ്യവസായ വകുപ്പിൻ്റെ സഹകരണത്തോടെ വിവിധ സംരംഭങ്ങൾക്കും ഇതിനോടകം പഞ്ചായത്ത് തുടക്കം കുറിച്ചുകഴിഞ്ഞു. 120 സംരംഭങ്ങൾ പഞ്ചായത്തിൽ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. 7 പേർ ഇതിനോടകം സംരംഭം ആരംഭിക്കുന്നതിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസ് പറഞ്ഞു.
തൊഴിൽ മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജനീഷ് പി ജോസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഡസ്റ്റിൻ താക്കോൽക്കാരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ഷീബ ഡേവീസ്, മറ്റ് ജനപ്രതിനിധികൾ വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.