“ഒരു തദ്ദേശ സ്വയംഭരണസ്ഥാപനം ഒരു ആശയം” പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയയിൽ നൂതന ആശയങ്ങളുടെ പരിമിതി പരിഹരിക്കുന്നതിന് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്റെയും (K-DISC) കിലയുടെയും സംയുക്ത നേതൃത്വത്തിൽ രൂപം നൽകിയ പരിപാടിയാണ് “ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം”.
ഓരോ തദ്ദേശ സ്ഥാപനവും ഓരോ നൂതന ആശയം കണ്ടെത്തുകയും പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പരിശീലനമാണ് നടന്നത്. പ്രാദേശിക ആവശ്യങ്ങൾ കണ്ടെത്തി പരിഹാരത്തിനായി പദ്ധതികൾ രൂപീകരിക്കലും തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണ് ലക്ഷ്യം. പദ്ധതി പശ്ചാത്തലം, പ്രക്രിയ, പ്രതിബന്ധങ്ങൾ കണ്ടെത്തി പരിഹരിക്കൽ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായി.
ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, കില ബ്ലോക്ക് കോഡിനേറ്റർ അബ്ദുൽ റസാഖ്, കില റിസോഴ്സ് പേഴ്സൺ വി ജി ശശികുമാർ, വിനീത് എം, പദ്ധതി ജില്ലാ കോഡിനേറ്റർ അഖില ഹരിദാസ്, കില ബ്ലോക്ക് കോഡിനേറ്റർ എൻ കുമാരൻ എന്നിവരാണ് ക്ലാസ് നയിച്ചത്.