കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചുവരെഴുത്ത് ക്യാമ്പയിന് തുടക്കമായി. . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ ഡിസംബർ 15 മുതൽ 24 വരെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണു ചുവരെഴുത്ത് നടത്തുന്നത്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ചുവരെഴുത്ത് ക്യാമ്പയിനുകൾ സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഇന്ത്യൻ ഗ്രാമങ്ങളിലെ രുചികൾ നിറഞ്ഞ ഫുഡ് കോർട്ടുകളും കലാസാംസ്‌കാരിക സന്ധ്യകളുമാണ് സരസ് മേളയുടെ പ്രധാന ആകർഷണം. മേളയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനായി തൃതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിവിധങ്ങളായ പ്രചരണ പരിപാടികളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുക.അയൽക്കൂട്ടഅംഗങ്ങളാണ് പ്രചരണ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നത്.