കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഡിസംബർ 22 മുതൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു. പൊതു സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും ഉണർത്തി അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ പൊതുബോധം വളർത്തുന്നതിന് രണ്ട് മേഖലകളായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്നതാണ് ജനചേതന യാത്ര.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ നയിക്കുന്ന ഉത്തരമേഖല ജാഥ കാസർഗോഡ് നിന്നും സെക്രട്ടറി വി കെ മധു നയിക്കുന്ന ദക്ഷിണ മേഖല ജാഥ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് ഡിസംബർ 30 ന് തൃശൂരിൽ സമാപിക്കും. തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. മുരളി പെരുന്നെല്ലി എം എൽ എ അധ്യക്ഷനായി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഹാരിഫാബി, ജോ.സെക്രട്ടറി വി മുരളി എന്നിവർ പങ്കെടുത്തു.