എടവക ഗ്രാമ പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സമ്പൂർണ ഭരണഘടനാ സാക്ഷരതാ യജ്ഞമായ “ദ സിറ്റിസൺ” പദ്ധതിയുടെ ലോഗോ ഒ.ആർ. കേളു എം.എൽ.എ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളും അവ പൗരന് ഉറപ്പാക്കുന്ന അവകാശങ്ങളും, അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും, ഭരണഘടനയുടെ മൂല്യങ്ങൾ എന്നിവ എടവകയിലെ ഓരോ കുടുംബത്തിലേയും പത്ത് വയസ്സിനു മുകളിലുള്ള എല്ലാവരും മനസ്സിലാക്കുന്നതിനും മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനുമായി നടപ്പിലാക്കുന്ന സമ്പൂർണ ഭരണഘടനാ സാക്ഷരതാ യജ്ഞം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. ജില്ലയിൽ എടവക ഗ്രാമ പഞ്ചായത്താണ് ആദ്യമായി ഭരണഘടനയ്ക്ക് പ്രാധാന്യം നൽകി ഒരു പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഭരണഘടന സാക്ഷരതാ ക്ലാസ്സുകൾ എടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയാറ് സെനറ്റർമാർ കിലയിൽ നിന്നും പരിശീലനം നേടി. ഡിസംബർ മാസം രണ്ടാം വാരത്തോടെ ആരംഭിക്കുന്ന പദ്ധതി ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പതിനായിരത്തോളം വീടുകളിലും സ്ഥാപനങ്ങളിലുമായി ഭരണഘടനയുടെ ആമുഖം സ്ഥാപിക്കുകയും ‘നമ്മുടെ ഭരണഘടന’ എന്ന പുസ്തകം ലഭ്യമാക്കുകയും ചെയ്യും.
ചടങ്ങിൽ കേരളോത്സവത്തിൽ മികവ് തെളിയിച്ചവരെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ആദരിച്ചു.
വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷിഹാബ് അയാത്ത്, ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി, മെമ്പർമാരായ എം.പി. വത്സൻ, വിനോദ് തോട്ടത്തിൽ, ഷിൽസൺ കോക്കണ്ടത്തിൽ, സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ, അസി. സെക്രട്ടറി വി.സി. മനോജ് തുടങ്ങിയവർ സംസാരിച്ചു.