സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുക ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ മിഷന്റെ കേരളാ ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃത്താല മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴി വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കുടുംബശ്രീയെ ഉപയോഗിച്ച് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആറ് ജില്ലകളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കേരള ചിക്കന്‍ പദ്ധതി ജില്ലയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.
നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുടെ കേരള ചിക്കന്‍ ഒരു ബദലാണ്. കുടുംബശ്രീയുടെ ഇപ്പോഴത്തെ ലക്ഷ്യം വരുമാന വര്‍ദ്ധനവാണെന്നും അതിനുള്ള മാതൃകയാണ് കേരള ചിക്കനെന്നും മന്ത്രി പറഞ്ഞു. ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019 ല്‍ രൂപീകരിച്ച ബ്രോയിലേഴ്‌സ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പദ്ധതി വഴി കോഴി കര്‍ഷകര്‍ക്കും ഔട്ട്‌ലെറ്റ് നടത്തുന്നവര്‍ക്കും വരുമാനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് നല്‍കി വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിപണനം നടത്തും. ഫാം ഇന്റഗ്രേഷന്‍ മുഖേന വളര്‍ത്തുകൂലിയിനത്തില്‍ കര്‍ഷകര്‍ക്ക് പദ്ധതി മുഖേന സ്ഥിരവരുമാനം ലഭ്യമാകും. അരക്കൊടിയോളം സ്ത്രീകള്‍ അണിനിരക്കുന്ന കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായ കുടുംബശ്രീ 25 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരായ വനിതകള്‍ കുടുംബശ്രീയുടെ ഭാഗമായി മാറി. ലോകം ശ്രദ്ധിച്ച മാതൃകയായ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. മൃഗസംരക്ഷണം, കുടുംബശ്രീ പ്രോഗ്രാം ഓഫീസറും കുടുബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒയുമായ ഡോ. എ. സജീവ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.