ഭിന്നശേഷിക്കാരുടെ വിത്യസ്തങ്ങളായ പ്രകടനങ്ങളോടെ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ – 2 ന്റെ പ്രചരണപരിപാടികൾക്ക് തുടക്കമായി. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിടിപിസിയും വെസ്റ്റ്ഹിൽ വെൽനസ് വണ്ണും സംയുക്തമായി സംഘടിപ്പിച്ച
“സീ ദി ഏബിൾ നോട്ട് ദി ലേബൽ” പരിപാടി കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ.കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു.
ഡിസംബർ 24 മുതൽ 28 വരെ ബേപ്പൂരിൽ നടക്കുന്ന ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിലേക്ക് ഒരു ക്ഷണം എന്ന രീതിയിലാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് കെ കൃഷ്ണകുമാരി പറഞ്ഞു. വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രചരണം
ലോക ഭിന്നശേഷി ദിനത്തിൽ സംഘടിപ്പിച്ചതിൽ അഭിമാനം ഉണ്ടെന്നും ഭിന്നശേഷിക്കാർക്ക് വാട്ടർ ഫെസ്റ്റ് പൂർണ്ണമായി ആസ്വദിക്കാനുള്ള സൗകര്യം കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഒരുക്കുമെന്നും കെ കൃഷ്ണകുമാരി പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ, ഡിടിപിസി ബീച്ച് മാനേജർ പി. നിഖിൽ , വെൽനസ്സ് വൺ മാർക്കറ്റിംഗ് മാനേജർ രാധാകൃഷ്ണൻ കെ തുടങ്ങിയവർ സംസാരിച്ചു.
ഭിന്നശേഷി വിഭാഗക്കാരുടെ മാസ്മരിക കലാ പരിപാടികൾ കാണികൾക്ക് ദൃശ്യാനുഭവമായി. ഇതോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളുടെ
ഫ്ലാഷ് മോബും വിവിധ കലാസാംസ്കാരിക പരിപാടികളും നടന്നു .