സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറിവുകൾ സാധാരണ ജനജീവിതത്തെ പരിവർത്തനപ്പെടുത്തണമെന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അതിനായാണ് ആയിരം കോടി രൂപ സംസ്ഥാന ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റി വെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ മുൻ എംഎൽഎ വി എസ് സുനികുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ മുതൽമുടക്കിൽ 277.53 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാവുന്ന കാന്റീൻ കെട്ടിടത്തിന്റെയും 60 ലക്ഷം രൂപ മുതൽ മുടക്കിൽ 1100 ചതുരശ്ര മീറ്റർ ചുറ്റളവിൽ പണികഴിപ്പിച്ച മഴ വെള്ളസംഭരണിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സി-മെറ്റിന് വേണ്ടി കോളജിലെ ഇലക്ട്രോണിക്സ് ആൻസ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ച എസ് പി ആർ ക്യാരക്റ്ററൈസേഷൻ അപ്പാരറ്റസിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കോവിഡാനന്തരം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജില്ലയിൽ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതായി എംഎൽഎ വിലയിരുത്തി. ചടങ്ങിൽ മുൻ കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, എക്സിക്യൂട്ടീവ് എൻജിനീയർ ബിജി പി വി, കോളജ് പ്രൻസിപ്പാൾ രജിനി ഭട്ടതിരിപ്പാട് എന്നിവർ പങ്കെടുത്തു.