ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ലേഖനം
കേരളം വലിയൊരു പ്രളയത്തിൽ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും നടുക്കി ആർത്തലച്ചു വന്നൊരു പ്രളയത്തിൽ പകച്ചുനിൽക്കുന്ന ജീവിതത്തെ തിരിച്ചു പിടിക്കാൻ രക്ഷാപ്രവർത്തനം, പുനരധിവാസം, പുനർ നിർമ്മാണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ആവശ്യമായി വരുന്നത്. ഇതിൽ ഒന്നാം ഘട്ടമായ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായ സ്ഥിതിക്ക് ഇനി പുനരധിവാസവും പുനർനിർമ്മാണവുമാണുള്ളത്. ഒന്നാം ഘട്ടത്തിൽ എന്ന പോലെ തന്നെ രണ്ടാം ഘട്ടത്തിലും വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണ് ആരോഗ്യരംഗം. പ്രളയ പുനരധിവാസത്തിന്റെ ഈ ഘട്ടത്തിൽ സാംക്രമിക രോഗങ്ങളെ വളരെ കരുതലോടു കൂടി സമീപിക്കേണ്ടിയിരിക്കുന്നു.
പകർച്ചവ്യാധി വ്യാപനം അഞ്ച് ഘട്ടങ്ങളെ ആശ്രയിച്ചിരിക്കുന്നു
1. ഇപ്പോൾ നമ്മുടെ സാഹചര്യങ്ങളിൽ നിലനിൽക്കുന്ന സ്ഥിരമായി കണ്ടുവരുന്ന അസുഖങ്ങൾ
നിലവിലെ നമ്മുടെ സാഹചര്യം ഒന്ന് വിശകലനം ചെയ്താൽ കഴിഞ്ഞ വർഷം കേരളത്തിൽ ഡെങ്കിപനി ഒരു സാംക്രമിക തലത്തിലേക്ക് എത്തുകയും നിരവധി പേർ മരണമടയുകയും ചെയ്തു. അതുപോലെ 2017 ൽ എലിപനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയില്ലെങ്കിലും എല്ലാ വർഷവും എലിപനി നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. 2018 ൽ ആകട്ടെ കേരളത്തിൽ തന്നെ ചില സ്ഥലങ്ങളിൽ എലിപ്പനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈ വർഷം ഇതിനോടകം 520 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രളയാനന്തര കാലത്ത് എലിപനി കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള സാധ്യത നില നിൽക്കുന്നു. ഇതു കൂടാതെ നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടു വരുന്ന അസുഖങ്ങളായ വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, മലമ്പനി, ക്ഷയരോഗം, എന്നിവ കൂടിയ തോതിലും കോളറ, ചിക്കൻഗുനിയ, ഡിഫ്ത്തീരിയ, ചെള്ളുപനി, ജപ്പാൻജ്വരം എന്നിവ താരതമ്യേന കുറഞ്ഞ തോതിലും പ്രളയാനന്തര കാലത്ത് കൂടുതൽ പേരെ ബാധിക്കാൻ സാധ്യത ഉണ്ട്.
2. പ്രളയം മൂലം ഉണ്ടായ പാരിസ്ഥിതിക വ്യതിയാനങ്ങളാൽ വന്നേക്കാവുന്ന അസുഖങ്ങൾ
പ്രളയം പോലുള്ള ദുരന്തങ്ങൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ രോഗവ്യാപാനത്തിലും മാറ്റങ്ങൾ വരുത്താവുന്നതാണ്. നമ്മുടെ നാട്ടിൽ സാധാരണ കാണാത്ത രോഗങ്ങളായ പ്ലേഗ്, പേവിഷബാധ (റാബീസ്), വെസ്റ്റ്നൈൽ ഫീവർ, പക്ഷിപനി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പൊതുജനാരോഗ്യരംഗത്തെ ശാസ്ത്രീയ പഠനങ്ങൾ, പ്ലേഗ്, ചെള്ളുപനി തുടങ്ങിയവ ആണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും നമ്മുടെ സാഹചര്യത്തിൽ പ്രാണിജന്യ രോഗങ്ങളിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ, ജപ്പാൻജ്വരം എന്നിവയും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്സ് എ, വയറിളക്ക രോഗങ്ങൾ എന്നിവയാണ് പ്രാധാന്യം അർഹിക്കുന്നത്. അതിനാൽ തന്നെ അവയുടെ പ്രതിരോധവും അനിവാര്യമാണ്.
3. മനുഷ്യ ആവാസ വ്യവസ്ഥയിലെ വ്യതിയാനം
പ്രത്യേക സ്ഥലങ്ങളിൽ ഉള്ള ജനസാന്ദ്രതാ വർദ്ധനവ് കാരണം (ഉദാഹരണം ക്യാമ്പുകൾ) വെള്ളം, ആരോഗ്യ സേവനങ്ങൾ തുടങ്ങിയവയുടെ മേൽ സമ്മർദ്ദം കൂടുകയും ആ ഇടങ്ങളിലെ ജനങ്ങളെ പുതിയ രോഗ ഹേതുക്കളിലേക്കും രോഗവാഹകരിലേക്കും (Agents & Vectors) കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പുനരധിവാസ ക്യാമ്പുകളിൽ ഉണ്ടായേക്കാവുന്ന പ്രധാന അസുഖങ്ങൾ വയറിളക്ക രോഗങ്ങൾ, അഞ്ചാം പനി, ചിക്കൻ പോക്സ്, വില്ലൻ ചുമ, മലമ്പനി, ത്വക് രോഗങ്ങൾ തുടങ്ങിയവ ആണ്.
4. പൊതു സംവിധാനങ്ങൾക്കും പൊതുജനാരോഗ്യ സേവനങ്ങൾക്കും വരുന്ന പരിമിതികൾ
ജലവിതരണ പൈപ്പ്ലൈൻ, മലിനജല ഓടകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കുന്നതു വഴി ജലജന്യ രോഗങ്ങളും, വയറിളക്ക രോഗങ്ങളും വരാനുള്ള സാധ്യത കൂടുന്നു. മലിനജലവുമായി നേരിട്ട് തുടർച്ചയായി സമ്പർക്കം ഉണ്ടാകുമ്പോൾ, ചെങ്കണ്ണ്, തൊണ്ട ചെവി മൂക്ക് എന്നിവിടങ്ങളിലെ അണുബാധ, കാലിൽ വളംകടി, തുടങ്ങിയവയും ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. പൊതുജനാരോഗ്യ സേവന സംവിധാനത്തിനുള്ള പരിമിതി കാരണം രോഗ പ്രതിരോധ നടപടികൾ കൊണ്ട് തടയാവുന്ന രോഗങ്ങളായ (Vaccine Preventable Diseases) അഞ്ചാംപനി, വില്ലൻചുമ, ക്ഷയരോഗം തുടങ്ങിയ രോഗങ്ങൾക്കും വഴിവക്കാം.
5. വ്യക്തിതല രോഗപ്രതിരോധത്തിൽ വരുന്ന കുറവ്
ഒരു ദുരന്തം മൂലം പോഷകാഹാരത്തിലുണ്ടായേക്കാവുന്ന കുറവ് കാരണം ക്ഷയരോഗം, മലമ്പനി, രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി, തുടങ്ങിയ രോഗങ്ങൾ സങ്കീർണ്ണതകളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.
പ്രതിരോധം
A. ജലജന്യരോഗങ്ങൾക്കും വയറിളക്ക രോഗങ്ങൾക്കും ഉള്ള പ്രതിരോധം
Ø പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക
Ø കോളറയുടെ പശ്ചാത്തലത്തിൽ മീൻ, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക
Ø പാകം ചെയ്യുമ്പോൾ ആഹാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താൻ ശ്രദ്ധിക്കണം
Ø ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസം ഇല്ലാതെ തന്നെ കഴിക്കാൻ ശ്രമിക്കണം. പാഴ്സൽ വാങ്ങിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം
Ø ഭക്ഷണം ശേഖരിച്ച് വയ്ക്കേണ്ട അവസ്ഥ ഉണ്ടായാൽ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക
Ø പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങൾ ഇടകലർത്തരുത്
Ø കൈശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് കൈകഴുകാൻ ശ്രദ്ധിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകുക (പ്രത്യേകിച്ചും ചെറിയ കുട്ടികൾ).
Ø അടുക്കള വൃത്തിയായി സൂക്ഷിക്കുക
Ø കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക
Ø ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക
Ø ക്ലോറിനേഷൻ ചെയ്തതിനു ശേഷം വെള്ളം തിളപ്പിച്ച് 20 മിനിറ്റ് വെട്ടിത്തിളക്കാൻ അനുവദിക്കുക. ഈ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക
Ø വയറിളക്ക രോഗങ്ങളും, കോളറ, ഹെപ്പറ്റൈറ്റിസ്സ് എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിൻ മേൽ പരാമർശിച്ച കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്
Ø ക്യാമ്പ്, വീട്, പൊതു സ്ഥലം തുടങ്ങിയവയുടെ പൊതുവിൽ ഉള്ള വൃത്തിക്കും വലിയ പ്രാധാന്യം ഉണ്ട്
B. പ്രാണിജന്യ രോഗങ്ങൾക്കുള്ള പ്രതിരോധം
Ø കൊതുക് മുട്ടയിടാനുള്ള വളരെ അനുകൂലമായ സാഹചര്യമാണിപ്പോൾ
Ø ഉറവിട നശീകരണത്തിൽ ഇപ്പോൾ വലിയ പ്രസക്തി ഉണ്ട്
Ø വെള്ളം ഒഴുകാത്തതും, വീടിനു ചുറ്റുമുള്ള കൊതുക്, കൂത്താടി വളരാൻ അനുയോജ്യമായ ഇടങ്ങളും കണ്ടെത്തുകയും കൂത്താടികളെ നശിപ്പിക്കുകയും ചെയ്യണം. ചിരട്ട, ടയർ ഉപയോഗിക്കാത്ത കിണറുകൾ, പാട്ട എന്നീ എല്ലായിടങ്ങളിലും നമ്മുടെ ശ്രദ്ധ ചെന്നെത്തേണ്ടതാണ്. പ്രായോഗികമെങ്കിൽ ഗപ്പി മീൻ വളർത്തൽ കൂത്താടി നിർമ്മാർജ്ജനത്തിന് ഉപയോഗിക്കാം
Ø കൊതുക് കടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. കൊതുക് വല ഉപയോഗിക്കാം
Ø പനിയുടെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ സ്വയം ചികിൽസ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ സംവിധാനത്തിൽ ചികിൽസ തേടേണ്ടതാണ്
Ø ഡെങ്കി പനി, ചിക്കൻ ഗുനിയ, ജപ്പാൻ ജ്വരം എന്നീ അസുഖങ്ങൾ ക്ക് ഈ വിധ പ്രതിരോധം പൊതുവിൽ ഗുണം ചെയ്യും
C. എലിപ്പനി
Ø രോഗാണു ബാധിച്ച എലി, പൂച്ച, നായ, കന്നുകാലികൾ, അണ്ണാൻ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളുടെ മൂത്രം മൂലം മലിനമായ ജലം കാലിലെയോ ശരീര ഭാഗങ്ങളിലേയോ പോറലിലൂടെയോ, ഭക്ഷ്യ വസ്തുക്കളുമായുള്ള സമ്പർക്കം മൂലമോ എലിപ്പനി രോഗം പകരാം, അതിനാൽ പ്രളയ കാലത്ത് എലിപ്പനി പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്
Ø മലിനജലവുമായി സമ്പർക്കം ഉള്ള സമയങ്ങളിൽ വ്യക്തി ശുചിത്വ ഉപാധികൾ ഉപയോഗിക്കേണ്ടതാണ് (കൈയുറകളും മുട്ട് വരെയുള്ള പാദരക്ഷകളും)
Ø മലിനജലവുമായി സമ്പർക്കമുള്ളവർ എലിപ്പനി പ്രതിരോധത്തിനായി ആഴ്ചയിലൊരിക്കൽ 100 മി.ഗ്രാം ഡോക്സിസൈക്ലിൻ ഗുളികകൾ രണ്ടെണ്ണം ആഹാരത്തിന് ശേഷം കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പർക്കമുള്ള കാലം വരെ കഴിക്കണം
D. പ്രതിരോധ കുത്തിവയ്പ്പ്
Ø പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ സമയമായ കുട്ടികൾക്ക് പ്രളയ ദുരിതത്തിനിടയിൽ എടുക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ നിന്നും എടുക്കേണ്ടതാണ്. അഞ്ചാംപനി, ഡിഫ്ത്തീരിയ, വില്ലൻ ചുമ, ടെറ്റനസ് എന്നീ അസുഖങ്ങൾ ഇത്തരത്തിൽ പ്രാധാന്യം അർഹിക്കുന്നു. വിറ്റാമിൻ എ പ്രതിരോധ മരുന്ന് നൽകുന്നത് വഴി അഞ്ചാം പനിയുടെ സങ്കീർണ്ണതകളും മരണങ്ങളും ഒഴിവാക്കാനും കഴിയുന്നതാണ്
E. വ്യക്തി ശുചിത്വം
സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിന് പൊതുവെ യുള്ള വ്യക്തി ശുചിത്വം അനിവാര്യമാണ്. വ്യക്തി ശുചിത്വ മാർഗങ്ങളായ കുളി, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ചെരുപ്പ് ഉപയോഗിക്കുക, ഭക്ഷത്തിന് മുമ്പും ശേഷവും, മലമൂത്ര വിസർജ്ജനത്തിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക തുടങ്ങിയ നടപടികൾ വലിയൊരളവു വരെ രോഗം പകരാതിരിക്കാൻ സഹായിക്കും.
രോഗ ചികിൽസയേക്കാൾ ചെലവ് കുറഞ്ഞതും ലളിതവുമാണ് രോഗ പ്രതിരോധം. ഈ പ്രളയാനന്തര രോഗ പ്രതിരോധം കേരളീയരെ സംബന്ധിച്ച് ഒരു ജീവൻമരണ പോരാട്ടമാണ്. അതെ നമുക്ക് ഒത്തൊരുമിക്കാം, നമ്മൾ അതിജീവിക്കും നല്ല ആരോഗ്യത്തോടെ.