ആലപ്പുഴ: ആഴ്ചകളായുള്ള ക്യാമ്പുവാസത്തിനുശേഷം കുട്ടനാട്ടിലേക്ക് തിരിച്ചുപോക്ക് തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ശുചീകരണ ദൗത്യത്തോടെ കൈനകരി ഒഴികെയുള്ള കുട്ടനാട്ടിലെ 90 ശതമാനം വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ചിരുന്നു. ഇതോടെയാണ് ക്യാമ്പംഗങ്ങൾക്ക് മടങ്ങിപ്പോക്കിനുള്ള അവസരം ഒരുങ്ങിയത്.
വ്യാഴാഴ്ച രാവിലെ തന്നെ ക്യാമ്പുകളിൽ നിന്ന് പായും കിടക്കയും കെട്ടുകളുമായി ക്യാമ്പംഗങ്ങൾ മടങ്ങിത്തുടങ്ങി. തിരിച്ചുപോകുന്നതിനുള്ള സൗകര്യങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നേരത്തെതന്നെ ഏർപ്പെടുത്തിയിരുന്നു. മാതാജട്ടി, വാട്ടർ ട്രാൻസ്പോർട്ട് ജട്ടി എന്നിവിടങ്ങളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.