ആലപ്പുഴ: ക്യാമ്പുകളിൽ നിന്ന് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങിയവർക്ക് ആശ്രയമായത് കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പും. ജലഗതാഗത വകുപ്പ് ഓഗസ്റ്റ് 24 മുതൽ സൗജന്യ സർവീസാണ് നടത്തി വന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുപതോളം ബോട്ടുകളാണ് കുട്ടനാട് മേഖലയിലേക്ക് മാത്രമായി ഓടുന്നത്. കാവാലം, നെടുമുടി, കായൽപ്പുറം, വേണാട്ടുകാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തി. ആലപ്പുഴ- കോട്ടയം സർവ്വീസും നടത്തി. നെടുമുടി-പുളിങ്കുന്ന്, നെടുമുടി- എടത്വ എന്നിവിടങ്ങളിലേക്ക് രണ്ട് വീതം ഷട്ടിൽ സർവ്വീസും നടത്തിവരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വലിയതിരക്കാണ് അനുഭവപ്പെട്ടത്. ജലതാഗത വകുപ്പ് ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി നിരവധി സർവീസുകളാണ് നടത്തിയത്. രക്ഷാപ്രവർത്തകരെ എത്തിക്കാനും രക്ഷപെടുത്തിയവരെ ക്യാമ്പുകളിലേക്ക് എത്തിക്കാനും ആരേക്കാളും മുന്നിൽ കെ.എസ്.ആർ.ടി.സി. ഉണ്ടായിരുന്നു. ഇന്നലെ വീടുകളിലേക്കു മടങ്ങുന്നവർക്കായി ആവശ്യപ്പെടുന്ന ക്യാമ്പുകളിൽ ബസ് എത്തിച്ച് സർവീസ് നടത്തി. 10 വണ്ടികൾ ക്യാമ്പിലെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു.
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ കഴിഞ്ഞ ദിവസം മുതൽ സർവീസ് തുടങ്ങിതോടെ ജനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനങ്ങളുടെ സൗകര്യാർത്ഥം ചെറിയ റോഡുകളുള്ള കുട്ടനാട് മേഖലകളിലേക്ക് സർവ്വീസ് കൂടുതൽ നടത്തുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് പൂപ്പള്ളി, ചമ്പക്കുളം, പുളിങ്കുന്ന്, തകഴി എന്നിവിടങ്ങളിലേക്കും പ്രത്യേക സർവ്വീസ് നടത്തി.