ആലപ്പുഴ: മഹാശുചീകരണത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് ഏറെ ഉപകാരപ്രദമായി വിവിധ വകുപ്പുകളുടെ നേതൃത്തിലുള്ള അനൗൺസ്മെന്റ്. ജലഗതാഗത വകുപ്പിന്റെ ജട്ടിയിൽ വകുപ്പിന്റെ നേതൃത്വത്തിൽ ബോട്ടുകൾ പിടിക്കുന്നതും ക്യാമ്പംഗങ്ങൾ ഏതിൽ കയറണമെന്നും എപ്പോഴും ഉച്ചഭാഷിണിയിലൂടെ അറിയിച്ചുകൊണ്ടിരുന്നു.
ബോട്ടുജട്ടിക്ക് സമീപം ആരോഗ്യവകുപ്പിന്റെ എലിപ്പനിക്കുള്ള ഗുളിക സൗജന്യമായി വിതരണം ചെയ്യുന്ന വിവരം ഓരോ മിനിട്ടിന്റെ ഇടവേളകളിലും വിളിച്ചറിയിച്ചു. ആരോഗ്യ വകുപ്പു ജീവനക്കാർ എല്ലാവർക്കും ഗുളിക നൽകി രംഗത്തുണ്ടായിരുന്നു. എല്ലാവരും ഗുളിക കഴിക്കണമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നുണ്ടായിരുന്നു.
വീട്ടിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉച്ചഭാഷിണിയിലൂടെ അറിയിച്ച് കെ.എസ്.ഇ.ബി. ജീവനക്കാർ ജീപ്പിൽ നഗരത്തിൽ ചുറ്റുന്നുണ്ടായിരുന്നു. പരിസരങ്ങളിൽ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ആയ സർവ്വീസ് വയറിൽ അല്ലെങ്കിൽ ലൈൻ കമ്പി/എർത്ത് കമ്പി എന്നിവയിൽ സ്പർശിക്കരുത് എന്ന കാര്യം എപ്പോഴും അനൗൺസ് ചെയ്തു. ഇങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി ഓഫീസിലോ 9496061061, 9188241912, 9188241913 എന്നീ നമ്പറിലോ അറിയിക്കണമെന്നും അറിയിപ്പ് നൽകി. മെയിൻ സ്വിച്ചിലെ ഫ്യൂസ് ഊരിയശേഷം മാത്രം മെയിൻ സ്വിച്ച് ഓഫാക്കുക, വീട്ടിലെ കണക്ഷൻ സ്വയം പരിശോധിക്കാതെ പരമാവധി വയർമാനെക്കൊണ്ട് പരിശോധിപ്പിക്കുക, പ്ലഗിൽ ഘടിപ്പിച്ചിട്ടുള്ള വൈദ്യുതോപകരണങ്ങൾ പൂർണമായും വിഛേദിച്ചതിനുശേഷം മാത്രം മെയിൻ സ്വിച്ച് ഓൺചെയ്യുക തുടങ്ങി ദൈനംദിന ജീവിതത്തിൽ ഓർത്തിരിക്കേണ്ട കൊച്ചുകാര്യങ്ങൾ അപ്പപ്പോൾ ദുരിതബാധിതർക്കായി അറിയിക്കുന്നുണ്ടായിരുന്നു.