ജില്ലയിലെ തീരദേശവാസികളുടെ സ്വപ്ന പദ്ധതിയായ ചെത്തി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യ മാക്കുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ മുന്നോട്ട് . പുലിമുട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. 1620 മീറ്ററാണ് പുലിമുട്ടിന്റെ ആകെ നീളം. തെക്കേ പുലിമുട്ടിന്റെ 140 മീറ്ററും വടക്കേ പുലിമുട്ടിന്റെ 200 മീറ്ററും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് പുലിമുട്ടുകളുടേയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാല് ലക്ഷം ടണ്‍ കല്ലുകളാണ് വേണ്ടത്. ശേഷിക്കുന്ന പുലിമുട്ട് നിർമ്മാണവും വേഗത്തിൽ ആക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
111 കോടി രൂപ ചെലവില്‍ 970 മീറ്ററും 650 മീറ്ററും നീളത്തിലുള്ള രണ്ട് പുലിമുട്ടുകള്‍, ഏഴ് മീറ്റര്‍ നീളമുള്ള വാര്‍ഫ്, ഒരു ലേലഹാള്‍ എന്നിവയും അപ്രോച്ച് ചാനല്‍, ബേസിന്‍, ചെത്തിപ്പുഴ ചാനല്‍ എന്നിവിടങ്ങളില്‍ ഡ്രെഡ്ജിംഗ്, 115 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള ഇന്റേണല്‍ റോഡ്, പാര്‍ക്കിംഗ് ഏരിയ, ഹാര്‍ബറിലേയ്ക്കുള്ള അപ്രോച്ച് റോഡ്, വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള മെയിന്‍ ഗേറ്റും രണ്ട് വിക്കറ്റ് ഗേറ്റുകളോടും കൂടിയ ഗേറ്റ് ഹൗസ് എന്നിവയാണ് ഇവിടെ നിര്‍മിക്കുന്നത്. ഹാര്‍ബറില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി ഒ.എച്ച്. ടാങ്കും സജ്ജമാക്കും.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വലിയ ഹാര്‍ബറുകളിലൊന്നായി ചെത്തി ഹാര്‍ബര്‍ മാറും. തീരദേശ മേഖലയില്‍ തന്നെ വലിയ വികസനവും സമീപ പ്രദേശത്തുള്ളവര്‍ക്ക് തൊഴിലും ലഭിക്കും. ഇതോടൊപ്പം കടലില്‍ നിന്ന് മത്സ്യവുമായി എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടി നീണ്ടകരയിലേക്കും കൊച്ചിയിലേക്കും പോകേണ്ടി വരുന്ന അവസ്ഥയ്ക്കും മാറ്റം വരും.
2018-19ലെ ബജറ്റില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് 111 കോടി രൂപ അനുവദിച്ചത്. 2021 നവംബര്‍ അഞ്ചിനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കാലവര്‍ഷത്തില്‍ ജോലികള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഈ കാലതാമസം പരിഹരിക്കുന്നതിനായും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനുമായി നിലവില്‍ അധിക സമയങ്ങളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് കോര്‍പറേഷന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളാണ് പ്രവൃത്തി നടത്തുന്നത്. രാമലിംഗം കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല.