സംരംഭകത്വ സഹായ പദ്ധതി വഴി എറണാകുളം ജില്ലാ വ്യവസായകേന്ദ്രം സംരംഭകര്‍ക്ക് ഈ വര്‍ഷം നല്‍കിയത് 6 കോടി 95 ലക്ഷം രൂപയുടെ ധനസഹായം. 84 അപേക്ഷകളാണ് ഇതുവരെ പരിഗണിച്ചത്. സംസ്ഥാനത്ത് പദ്ധതി വഴി ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയ ജില്ല എറണാകുളമാണ്.
ജില്ലാ വികസന കമ്മിഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത് ജില്ലാതല കമ്മിറ്റിയില്‍ 21 അപേക്ഷകളിലായി ഒരു കോടി 90 ലക്ഷം രൂപ അനുവദിച്ചു. സബ്‌സിഡി അപേക്ഷകള്‍ക്കുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
പദ്ധതി വഴി സഹായം ലഭിക്കാന്‍ സംരംഭം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ എംപ്ലോയീ സെല്‍ഫ് സര്‍വീസ് (ഇ.എസ്.എസ്) പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. സ്ഥിരം മൂലധന നിക്ഷേപമാണ് പ്രധാന മാനദണ്ഡം. നിക്ഷേപത്തിന്റെ 15 മുതല്‍ 35 ശതമാനം വരെ (പരമാവധി 40 ലക്ഷം രൂപ) പദ്ധതി വഴി സഹായം നല്‍കും. സഹായം ലഭിച്ച സംരംഭകര്‍ എല്ലാ വര്‍ഷവും ജില്ലാ വ്യവസായ കേന്ദ്രത്തിനു പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കണം.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ജിയോ ജോസ്, ഫിനാന്‍സ് ഓഫീസര്‍ എം.ഗീത, കെ.എസ്.ഐ.ഡി.സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി.നിതീഷ്, കെ.എസ്.എസ്.ഐ.എ ജില്ലാ ട്രഷറര്‍ ജി.രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.