എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് – അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത്
സ്റ്റാഫ് അസോസിയേഷൻ്റെ (ഡി.ഡി.പി. – എ.ഡി.പി) ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോളടിക്കാം എന്ന പേരിൽ ജില്ലാതല ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തിൽ പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം സമ്മാനം നേടി. രണ്ടാം സ്ഥാനം രായമംഗലം ഗ്രാമ പഞ്ചായത്ത് ടീമിന് ലഭിച്ചു. വനിത വിഭാഗത്തിൽ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും കടമക്കുടി രണ്ടാം സ്ഥാനവും നേടി വിജയിച്ചു. നെടുമ്പാശേരി കാർണിവൽ ടർഫ് ഗ്രൗണ്ടിൽ നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം റൂറൽ അഡീഷണൽ എസ്.പി. ബിജി ജോർജ്ജ് നിർവഹിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്ത പുരുഷ-വനിതാ വിഭാഗങ്ങൾക്കുള്ള മത്സരങ്ങളിൽ 17 പുരുഷ ടീമുകളും 9 വനിതാ ടീമുകളും പങ്കെടുത്തു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. ജോയ്, സീനിയർ സൂപ്രണ്ട് ഡയന്യൂസ് തോമസ്, സീനിയർ സൂപ്രണ്ട് വി.എസ്. രാജേഷ്, ജൂനിയർ സൂപ്രണ്ട് പി.പി. രാജേഷ്, ജൂനിയർ സൂപ്രണ്ടുമാരായ പി.എസ്. സുധീർ, പി.ജി. സിനി, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകൾ, ഡിഡിപി – എഡിപി, പെർഫോമൻസ് ഓഡിറ്റ് ഓഫീസുകളിൽ നിന്നുള്ള ജനപ്രതിനിധികളും ജീവനക്കാരും മത്സരത്തിൽ പങ്കെടുത്തു.

ജേതാക്കൾക്ക് പുത്തൻവേലിക്കര, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരും നെടുമ്പാശ്ശേരി, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരും സമ്മാനങ്ങൾ വിതരണം ചെയ്തു. ലോകകപ്പ് ഫുട്ബാൾ മത്സരത്തിൻ്റെ പശ്ചാത്തലത്തിലാണ് ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെടുത്തി ഷൂട്ടൗട്ട് സംഘടിപ്പിച്ചത്.