കുട്ടികളില്‍ ജലസംരക്ഷണ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ ജല്‍ ജീവന്‍ മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും വിദ്യര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഉപ്പുതറ പഞ്ചായത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സാബു വേങ്ങവേലി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറക്കപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ജല ദൗര്‍ലഭ്യം, ജല ഉപയോഗം, ദുര്‍വിനിയോഗം, മലിനീകരണം, ജല സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കഥ, കവിത, ഉപന്യാസം, പെയിന്റിങ്, കാര്‍ട്ടൂണ്‍ ചിത്രീകരണം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ‘ജലം സംരക്ഷിക്കു’ എന്ന സന്ദേശം ഉയര്‍ത്തി ഉപ്പുതറ ടൗണില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റാലിയും സംഘടിപ്പിച്ചു.
ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ഓമന സോദരന്‍, ഐ. ബി. പൗലോസ്, ലീലാമ്മ ജോസ് ,എം. എന്‍. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരങ്ങള്‍ക്ക് ജില്ലാ കോഡിനേറ്റര്‍മാരായ ജോര്‍ജ് മാത്യു, സേവ്യര്‍ തോമസ്, പഞ്ചായത്ത് കോ ഓഡിനേറ്റര്‍ ജോളി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.