സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയായി ആറന്മുള നിറവ് വിനോദവിജ്ഞാന മേളയെ മാറ്റണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ആറന്മുള നിറവ് പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുളയുടെ ചരിത്രവും സംസ്‌കാരവും പ്രതിഫലിക്കുന്ന കാര്‍ഷിക, കരകൗശല, വിനോദ വിജ്ഞാനമേള ഏറ്റവും മികച്ച തയാറെടുപ്പോടെ നടത്തേണ്ട ഉത്തരവാദിത്വം ഉണ്ട്. അതിനായി എല്ലാ വകുപ്പുകളും മികച്ച ക്രമീകരണങ്ങള്‍ ഒരുക്കണം. വലിയ ജനപങ്കാളിത്തത്തോടെ നിറവ് സംഘടിപ്പിക്കുമെന്നും ഇതിനായി ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആറന്മുളയിലെ കരകൗശല ഉത്പന്നങ്ങള്‍, മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍, ആറന്മുള വള്ളസദ്യയ്ക്ക് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍, ആറന്മുള മ്യൂറല്‍ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുള്ള ചുവര്‍ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ടാകും. മേളക്ക് മുന്നോടിയായി പൈതൃക സ്മൃതിയാത്രയും സംഘടിപ്പിക്കും. മേളയ്ക്ക് മുന്നോടിയായി വിവിധ വകുപ്പുകള്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ആറന്മുള നിറവ് സാംസ്‌കാരിക മേളയ്ക്ക് ലോഗോ തയാറാക്കാന്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കുന്ന ആള്‍ക്ക് സമ്മാനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലോഗോ, തയാറാക്കിയ ആളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ ഇ മെയിലായി അയയ്ക്കണം. അവസാന തീയതി ഡിസംബര്‍ 17. ഇമെയില്‍ വിലാസം: explorearanmula@gmail.com

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദേവി, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, ഡിഎംഒ (ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി, ആറന്മുള എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്ദു പി നായര്‍, സതീഷ് മിറാന്‍ഡ, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള, ആറന്മുള വികസനസമിതി പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി അശോകന്‍, ഖജാന്‍ജി സന്തോഷ് കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.