ആലപ്പുഴ: ജില്ലാതല കേരളോത്സവത്തിന് നാളെ  (ഡിസംബര്‍ 8ന് ) തിരി തെളിയും. ഡിസംബര്‍ 11 വരെ ആര്യാട് ബ്ലോക്ക് പരിധിയിലെ 12 വേദികളിലായാണ് കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലം മുതല്‍ കേരളോത്സവങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജില്ല കേരളോത്സവം നടത്തുന്നത്. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കും. 12 ബ്ലോക്ക് പഞ്ചായത്തുകള്‍ ആറ് നഗരസഭകള്‍ എന്നിവിടങ്ങളില്‍ നിന്നും മത്സരിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ല കേരളോത്സത്തില്‍ എത്തുക.

ഇന്ന് (ഡിസംബര്‍ എട്ട്) രാവിലെ ഒമ്പത് മണിക്ക് ബര്‍ണാഡ് ജംഗ്ഷന് കിഴക്ക് വശമുള്ള എല്‍.എസ്.എച്ച്. ഗ്രൗണ്ടില്‍ കായിക മത്സരങ്ങള്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി അജിത് കുമാര്‍ അധ്യക്ഷനാകും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ജില്ല ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് വി.ജി. വിഷ്ണു എന്നിവര്‍ മുഖ്യാതിഥികളാകും.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം പി.ജി. സുനില്‍കുമാര്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജെയിംസ് സാമുവല്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസംബര്‍ 10-ന് വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക ഘോഷയോത്ര സംഘടിപ്പിക്കും. തുടര്‍ന്ന് കലവൂര്‍ ഗവണ്‍മെന്റ് എച്ച്. എസ്.എസില്‍ കൃഷി മന്ത്രി പി. പ്രസാദ് ജില്ല കേരളോത്സവം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എം.എല്‍.എ. മാരായ സജി ചെറിയാന്‍, എച്ച്. സലാം, യു. പ്രതിഭ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്. ദീപു കേരളോത്സവ സന്ദേശം നല്‍കും. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ രാജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഞായറാഴ്ച വൈകിട്ട് നാലിന് കലവൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്സില്‍ വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. സമ്മാനദാനം നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. എം.എല്‍.എമാരായ രമേശ് ചെന്നിത്തല, എം.എസ്. അരുണ്‍ കുമാര്‍, ദലീമ ജോജോ, തോമസ് കെ. തോമസ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ടി.ടി. ജിസ്‌മോന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ലി ഭാര്‍ഗവന്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അത്ലറ്റിക്സ് വിഭാഗത്തില്‍ 13 മത്സരങ്ങളും ഗെയിംസ് വിഭാഗത്തില്‍ 14 മത്സരങ്ങളുമാണുള്ളത്. നീന്തല്‍, കളരിപ്പയറ്റ് വിഭാഗങ്ങളില്‍ യഥാക്രമം 10, ഏഴ് മത്സരങ്ങളുണ്ടാകും. കലാ സാഹിത്യ ഇനങ്ങളില്‍ 41 മത്സരങ്ങള്‍ ഉണ്ടാകും. ഇതുകൂടാതെ ദേശീയമത്സര ഇനങ്ങളായി 18 എണ്ണവും ഉണ്ടാകും. ജില്ലാതലത്തില്‍ കലാകായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബുകള്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും നല്‍കും.

വേദികള്‍- എല്‍.എസ്.എച്ച്. ഗ്രൗണ്ട്് കലവൂര്‍, എ.ബി. വിലാസം സ്‌കൂള്‍ ആര്യക്കര, മണ്ണഞ്ചേരി സ്‌കൂള്‍ ഗ്രൗണ്ട്, ആര്യാട് പഞ്ചായത്ത് ഗ്രൗണ്ട്, പ്രീതികുളങ്ങര സ്‌കൂള്‍ ഗ്രൗണ്ട്, ശ്രീസായി നീന്തല്‍ക്കുളം കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങള്‍. കലാമത്സരങ്ങള്‍ ഡിസംബര്‍ 10, 11 തീയതികളില്‍ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കുക.