നാല്‍പ്പത്തിയൊന്നാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കണിയാരം ഫാദര്‍ ജി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന കലോത്സവ വേദിയായ വല്ലിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളങ്കുന്നപ്പുഴ പ്രഭാഷണം നടത്തി. ഇന്റര്‍നാഷണല്‍ ഡ്രം ഫെസിലിറ്റേറ്റര്‍ ഡോ. ശ്യാം സൂരജ്, സ്റ്റാര്‍ സിംഗര്‍ റണ്ണര്‍ അപ്പ് അഖില്‍ ദേവ് എന്നിവര്‍ മുഖ്യാതിഥികളായി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫാ. ജി.കെ.എം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നടത്തിയ ലഹരി വിരുദ്ധ ബോധവത്ക്കരണ ഫ്‌ളാഷ് മോബ്, സാന്‍ജോ പബ്ലിക് സ്‌കൂള്‍ ബാന്‍ഡ് സംഘം നടത്തിയ ബാന്‍ഡ് മേളം എന്നിവ വേറിട്ട കാഴ്ച്ചകളായി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂനൈദ് കൈപ്പാണി, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സിന്ധു സെബാസ്റ്റ്യന്‍, ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മുസ കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, ഷൈനി ജോര്‍ജ്, വിദ്യാഭാസ ഉപഡയറക്ടര്‍ കെ. ശശിപ്രഭ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ ബാലഗംഗാധരന്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, എച്ച്.എം ഫോറം കണ്‍വീനര്‍ പി.വി മൊയ്തു, എ.ഇ.ഒ എം.എം ഗണേശന്‍, പി.ടി.എ പ്രസിഡണ്ട് മനോജ് കുമാര്‍ , സ്‌കൂള്‍ ലീഡര്‍ സോനാ ഷാജി, കണ്‍വീനര്‍ കെ.വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കണിയാരം ഫാദര്‍ ജി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ടി.ടി.ഐ, സാന്‍ജോ പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കലോത്സവം നടക്കുന്നത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി,വി.എച്ച്എസ്.ഇ വിദ്യാലയങ്ങളില്‍ നിന്നായി 4,000 ത്തോളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ജനറല്‍ കലോത്സവം, അറബിക്കലോത്സവം ,സംസ്‌കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 300-ല്‍ അധികം ഇനങ്ങളിലാണ് പ്രതിഭകള്‍ മാറ്റുരക്കുന്നത്. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭരതനാട്യം മത്സരത്തോടെയാണ് കലോത്സവ നഗരിയിലെ അരങ്ങ് ഉണര്‍ന്നത്. തുടര്‍ന്ന് വാദ്യോപകരണ സംഗീതം, മോണോ ആക്ട്, ഒപ്പന, സംഘഗാനം, കുച്ചുപ്പുടി, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, പ്രസംഗം, പദ്യം ചൊല്ലല്‍ എന്നീ മത്സരങ്ങളാണ് മേളയുടെ രണ്ടാം ദിവസം അരങ്ങ് വാണത്.