സായുധ സേനാ പതാക ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വ്വഹിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടന്ന ചടങ്ങില്‍ സായുധസേനാ പതാകയുടെ വില്‍പനയുടെ ജില്ലാതല ഉദ്ഘാടനവും മേയര്‍ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിച്ചു.

സായുധ സേന പതാക നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനും ഹുണ്ടി ബോക്‌സ് കളക്ഷനിലൂടെ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച എന്‍സിസി യൂണിറ്റിനും ചടങ്ങില്‍ പുരസ്‌കാരം നല്‍കി. വിമുക്തഭടന്മാര്‍ക്കും സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ശേഖരിക്കുന്നതാണ് പതാകദിന ഫണ്ട്. പരിപാടിയോടനുബന്ധിച്ച് വിമുക്ത ഭടന്മാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും എന്ന വിഷയത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ എം.പി വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. കേണല്‍ എന്‍.വി. മോഹന്‍ദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സൗമ്യ മത്തായി, വിവിധ വിമുക്ത സൈനിക സംഘടന പ്രതിനിധികള്‍, വിമുക്ത സൈനികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.