ബദല്‍ റോഡുകള്‍ സഞ്ചാര യോഗ്യമാണെന്ന് ഉറപ്പുവരുത്തണം: ജില്ലാ കലക്ടര്‍

പ്രവൃത്തികള്‍ നടത്തുന്നതിനായി റോഡുകള്‍ വഴി തിരിച്ചുവിടുമ്പോള്‍ ബദല്‍ റോഡുകള്‍ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ഡൈവേര്‍ഷന്‍ റോഡുകളില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. റോഡുകള്‍ വഴി തിരിച്ചുവിടുന്നതിന് മുമ്പ് പൊലീസ്, ആര്‍ടിഒ, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി റോഡ് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പുവരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ റോഡ് ഡൈവേര്‍ഷന് അനുമതി നല്‍കുകയുള്ളൂ.

ബദല്‍ റോഡില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഏതൊക്കെ പോയിന്റുകളില്‍ ആളുകളെ വയ്ക്കണം, എവിടെയൊക്കെ സൈന്‍ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണം എന്നിവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ആളുകളെ റോഡ് നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ഏജന്‍സി തന്നെ കണ്ടെത്തി നല്‍കണം. ഒരേസമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ കഴിയാത്ത വീതി കുറഞ്ഞ റോഡുകളില്‍ ബാരിക്കേഡ് വച്ച് ഒരു സമയത്ത് ഒരു വാഹനം മാത്രമേ കടന്നുപോകുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. റോഡുകളില്‍ കുഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളില്‍ യാത്രക്കാര്‍ അപകടത്തില്‍ പെടാതിരിക്കാന്‍ ആവശ്യമായ റിഫ്ളക്ടറുകളും

സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോവുന്ന റോഡുകളില്‍ ആവശ്യമായ ഇടങ്ങളില്‍ സീബ്രാ ക്രോസിംഗുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി പൊലീസ്, ആര്‍ടിഒ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഒരു സമിതിക്ക് രൂപം നല്‍കണം. സ്‌കൂള്‍ സോണ്‍, അനുവദനീയമായ വേഗത, സീബ്രാ ക്രോസിംഗ് തുടങ്ങിയവ വ്യക്തമാക്കുന്ന ബോര്‍ഡുകളും വിദ്യാലയ പരിസരങ്ങളില്‍ സ്ഥാപിക്കണം.

പ്രധാന റോഡുകളിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും ഇവ ആവശ്യമായ പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം ആവശ്യപ്പെട്ടു. അവയുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണം. ഇതുമായി ബന്ധപ്പെട്ട സമിതി പൊലീസ്, ആര്‍ടിഒ, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാവണം. ജില്ലയിലെ പ്രധാന റോഡുകളില്‍ ലെയിന്‍ ട്രാഫിക് ഏര്‍പ്പെടുത്തുന്നതിന് ഡിവൈഡര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കാനും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട ഏജന്‍സികളോട് യോഗം ആവശ്യപ്പെട്ടു. ദേശീയപാതയില്‍ ആവശ്യമായ ഇടങ്ങളില്‍ തെരുവ്

വിളക്കുകള്‍ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോട് യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെകെ സുരേഷ് കുമാര്‍, ആര്‍ടിഒ ബിജു ജെയിംസ്, പിഡബ്ല്യുഡി, ദേശീയപാത അതോറിറ്റി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.